y

തൃപ്പൂണിത്തുറ: ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകൾ തമ്മിലുള്ള കുടിവെള്ളത്തർക്കത്തിന് താത്കാലിക പരിഹാരം. തർക്കം രൂക്ഷമായതിനെത്തുടർന്ന് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിൽ ഇരു പഞ്ചായത്തുകളിലേക്കും ഒന്നിടവിട്ട ദിവസങ്ങളിൽ പമ്പ് ചെയ്യാറുള്ള വെള്ളം പരീക്ഷണാടിസ്ഥാനത്തിൽ 48 മണിക്കൂർ വീതം തുടർച്ചയായി പമ്പ് ചെയ്യുവാൻ തീരുമാനമെടുത്തു. തീരുമാനത്തിന്റെ ഗുണദോഷങ്ങൾ വിലയിരുത്തുവാൻ 12 ന് രാവിലെ 10.30 ന് വീണ്ടും യോഗം ചേരും.

എം.എൽ.എ മാരായ കെ.ബാബു, അനൂപ് ജേക്കബ്, ചീഫ് എൻജിനിയർ വി.കെ. പ്രദീപ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.