കൊച്ചി: മൂന്ന് നിലയിലേക്ക് കയറാൻ ലിഫ്റ്റ് നിർമ്മിച്ചില്ല. നിർമ്മാണം കഴിഞ്ഞിട്ടും മഹാരാജാസ് കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനം വൈകുന്നു. ഭിന്നശേഷിക്കാർക്കും പ്രായക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ലിഫ്റ്റ് വേണമെന്ന ആവശ്യമുയർന്നത്.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പഴയ ഓിറ്റോറിയും പൊളിച്ച് പുതിയത് നിർമ്മിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണക്കരാർ.
ലിഫ്റ്റ് നിർമ്മാണത്തിനായി ഊരാളുങ്കൽ എസ്റ്റിമേറ്റ് തയ്യാറാക്കി കിറ്റ്കോയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിഫ്റ്റിനായി നിർമ്മാണം ആരംഭിക്കും.
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2007ൽ നടത്തിയ പ്രതിഭാ സംഗമത്തിലാണ് 1975ൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ പുനർനിർമാണമെന്ന ആശയം ഉരുത്തിരിഞ്ഞത്. അന്ന് സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളും കോളജിലെ പൂർവ വിദ്യാർത്ഥികളുമായ ഡോ. തോമസ് ഐസക്, ബിനോയ് വിശ്വം, എം.എൽ.എമാരായിരുന്ന സൈമൺ ബ്രിട്ടോ, എം.കെ. പുരഷോത്തമൻ, എം.എം. മോനായി എന്നിവരടക്കമുള്ളവർ പങ്കെടുത്തിരുന്നു. അന്നത്തെ കൂട്ടായ്മയ്ക്ക് ശേഷമാണ് 2008ൽ മഹാരാജകീയമെന്ന വിപുലമായ സംഗമം നടത്തിയത്.
കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്താണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുൻകൈ എടുത്ത് കിഫ്ബി ഫണ്ടിൽ നിന്ന് 13 കോടി അനുവദിച്ച് ഓഡിറ്റോറിയത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു.
മൂന്ന് നിലകൾ
മൂന്ന് നില ഓഡിറ്റോറിയം 3875 ചതുരശ്ര മീറ്ററുണ്ട്. ഒന്നാംനിലയിൽ 700 ഉം രണ്ടാം നിലയിൽ 350 ഉം സീറ്റുകളുള്ള ഓഡിറ്റോറിയത്തിന്റെ താഴത്തെ നില പാർക്കിംഗ് ഇടമാണ്. ഓഡിറ്റോറിയം തുറന്നാൽ കൊച്ചി നഗരത്തിലെ ഔദ്യോഗിക പരിപാടികളിൽ നല്ലൊരുപങ്കും ഇവിടേക്കെത്തും. നിലവിൽ എറണാകുളം ടൗൺ ഹാൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ ഭൂരിഭാഗവും നടക്കുന്നത്. കെട്ടിടത്തിൽ അതിഥികൾക്ക് പ്രവേശിക്കാനുള്ള പ്രത്യേക കവാടം, ഓപ്പൺ എയർ ആംഫി തിയേറ്റർ എന്നിവയുമുണ്ട്.
ആകെ വിസ്തീർണം- 3875 മീറ്റർ
സീറ്റുകൾ
ഒന്നാം നില-700
രണ്ടാം നില- 350
നിർമ്മാണ ചെലവ്- 13 കോടി