
കൊച്ചി: നൂറ്റാണ്ടു പിന്നിട്ട മുല്ലപ്പെരിയാർ ഡാമിന്റെ ശില്പിയും സാങ്കേതിക വിദഗ്ദ്ധരുമെല്ലാം മൺമറഞ്ഞു. എന്നാൽ, അണക്കെട്ട് നിർമ്മാണത്തിന്റെ ചരിത്രസാക്ഷ്യമായി 130വർഷത്തിലേറെ പഴക്കമുള്ള ഉരുക്കു ജങ്കാർ ഇപ്പോഴും തടാകതീരത്തുണ്ട്. ഉരുക്കുകൊണ്ടുള്ള ജലയാനങ്ങളുടെ പരമാവധി ആയുസ് 30 - 35 കൊല്ലമാണെന്നിരിക്കേ, ഈ ജങ്കാറിന് കാര്യമായ രൂപമാറ്റം വന്നിട്ടില്ല.
1886ലാണ് പെരിയാറിന് കുറുകെ അണക്കെട്ട് നിർമ്മാണം ആരംഭിച്ചത്. പ്രളയത്തിൽ മൂന്നു തവണ അതുവരെയുള്ള നിർമ്മിതികൾ ഒലിച്ചുപോയി. 1890 -1895ലാണ് അണക്കെട്ട് പൂർത്തിയാക്കിയത്. അക്കാലത്ത് നിർമ്മാണ വസ്തുക്കൾ ഡാം സൈറ്റിൽ എത്തിക്കാൻ ഈ ജങ്കാർ ഉപയോഗിച്ചിരുന്നെന്ന് കരുതുന്നു.
മുല്ലപ്പെരിയാറിലെ കേരള പൊലീസ് സ്റ്റേഷന് സമീപത്തെ ജെട്ടിയിലാണ് ഉരുക്ക് ജങ്കാർ. മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ ജങ്കാർ വെള്ളത്തിനടിയിലാകും.
റിവെറ്റിംഗ്
നിർമ്മാണവിദ്യ
100 കൊല്ലം മുമ്പുള്ള കപ്പൽ നിർമ്മാണ രീതിയായ റിവെറ്റിംഗ് (ഒന്നിലേറെ ഉരുക്കുപാളികൾ ചേർത്തുവച്ച് ആണിയടിച്ച് യോജിപ്പിക്കുന്ന രീതി) ഉപയോഗിച്ചാണ് ജങ്കാർ നിർമ്മിച്ചത്. പിന്നീടെപ്പോഴോ ഉയരം കൂട്ടാൻ ആധുനിക രീതിയിൽ വെൽഡ് ചെയ്ത് ഉരുക്ക് പാളി മുകളിൽ കൂട്ടിച്ചേർത്തു. അതിനുമുകളിൽ ഡക്ക് പ്ലേറ്റും വെൽഡ് ചെയ്ത് പിടിപ്പിച്ചു. കൂട്ടിച്ചേർത്ത ഭാഗങ്ങൾ തുരുമ്പിച്ചെങ്കിലും റിവെറ്റ് ചെയ്യപ്പെട്ട ഭാഗം ഇപ്പോഴും ദൃഢമാണ്.
12 അടിയിലേറെ നീളവും 8 അടിയോളം വീതിയും നാലര അടിയോളം ഉയരവുമുള്ള ജങ്കാർ നിലവിൽ തമിഴ്‌നാട് സർക്കാരിന്റെ കൈവശമാണ്.
'' മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ പങ്കെടുത്തു എന്ന് കരുതപ്പെടുന്ന ഈ മുത്തശ്ശി ജങ്കാറിനെ ചരിത്രസ്മാരകമാക്കി സംരക്ഷിക്കണം.""
പ്രൊഫ. കെ. ശിവപ്രസാദ്,
ഷിപ്പ് ടെക്നോളജി വിഭാഗം മുൻ മേധാവി
കൊച്ചിൻ യൂണിവേഴ്സിറ്റി.