ration

മട്ടാഞ്ചേരി: എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സാധനങ്ങൾ കയറ്റിറക്ക് നടത്തുന്ന തൊഴിലാളികൾ നിസഹകരണം ആരംഭിച്ചതോടെ റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്ക്. കരാറുകാർക്ക് നൽകാനുള്ള തുക കുടിശികയായതോടെ തൊഴിലാളികൾക്ക് കൂലി ലഭിക്കാത്തതാണ് നിസഹകരണത്തിന് കാരണമായത്. പ്രശ്നം പരിഹൃതമായില്ലെങ്കിൽ ഈ മാസത്തെ റേഷൻ വിതരണം അലങ്കോലമാകാൻ ഇടയുണ്ട്. മാർച്ച് 20നകം റേഷൻകടകളിൽ ലോഡെത്തണം. അത് വൈകിയാൽ പ്രതിസന്ധി ഉറപ്പാണ്. ഡിസംബറിൽ കുടിശികയിൽ കുറച്ച് നൽകിയതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി കരാറുകാർക്ക് പണം ലഭിച്ചിട്ടില്ല.

ഗോഡൗണിൽ നിന്ന് കയറ്റിറക്ക് നടത്തുന്ന തൊഴിലാളികൾക്കുള്ള കൂലി ക്ഷേമ നിധി ബോർഡിൽ അടക്കേണ്ടത് കരാറുകാരാണ്. ഇവർക്ക് ഭക്ഷ്യ വകുപ്പ് നൽകേണ്ട തുക കുടിശികയായതോടെ ഇതും മുടങ്ങി. നിലവിൽ കരാറുകാർ വലിയ രീതിയിൽ പിഴ അടക്കേണ്ട സാഹചര്യവുമുണ്ട്. ഇത് കരാറുകാർക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി തന്നെ ഇത്തരത്തിൽ കൂലി ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ നിസഹകരണത്തിലാണെന്നാണ് കരാറുകാർ പറയുന്നത്.

 ലോറി തൊഴിലാളികൾക്കു വേതനമില്ല

മൂന്ന് മാസമായി ഗോഡൗണിൽ നിന്നുള്ള തൊഴിലാളികൾക്കും ലോറി തൊഴിലാളികൾക്കും വേതനം ലഭിക്കുന്നില്ല. ഇതോടെയാണ് തൊഴിലാളികൾ നിസഹകരണം തുടങ്ങിയത്. കുടിശിക ലഭിക്കാത്തതിനാൽ വേതനവും നൽകാൻ കഴിയുന്നില്ലെന്ന് കരാറുകാരും പറയുന്നു. വാതിൽപ്പടി റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നത് റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യമാണ്.