
മൂവാറ്റുപുഴ: കുട്ടികളോടുള്ള വാത്സല്യവും ശിക്ഷയും തെറ്റിദ്ധരിക്കപ്പെടുമ്പോൾ അദ്ധ്യാപകർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന് ദൃശ്യാവിഷ്കാരമൊരുക്കി. ഇളങ്ങവം ഗവ. എൽ.പി.സ്കൂൾ.തുടർച്ചയായി 15-ാം തവണയാണ് സ്കൂൾ സ്വന്തമായി ഹ്രസ്വ ചിത്രം നിർമ്മിച്ചത്.
സ്കൂളിന്റെ 62-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'തിരികെ' എന്ന ചിത്രം സ്കൂൾ അങ്കണത്തിൽ വലിയ എൽ.ഇ.ഡി സ്ക്രീനിൽ പ്രദർശിപ്പിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരോടൊപ്പം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ, വാർഡ് മെമ്പർ ദിവ്യ സലി എന്നിവർ കഥാപാത്രങ്ങളാകുന്നുണ്ട്. 40 മിനുട്ട് ദൈർഘ്യമുള്ള ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സ്കൂളിലെ സംസ്കൃത അദ്ധ്യാപകനായ കെ.എസ് സന്തോഷ് കുമാറാണ്. ടെലിഫിലിം പ്രകാശനവും വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ .ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, വാർഡ് മെമ്പർ ദിവ്യ സലി, ഹെഡ്മിസ്ട്രസ് ഷെർമി ജോർജ്, പി.ടി.എ പ്രസിഡന്റ് സി.എസ് .സീമോൻ തുടങ്ങിയവർ പങ്കെടുത്തു.