
ആലുവ: ശിവമന്ത്രങ്ങളാൽ മുഖരിതമായ പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃമോക്ഷത്തിനായി ബലിയർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തരെത്തി. മഹാശിവരാത്രിയോടനുബന്ധിച്ച് അരിയാഹാരം ഒഴിവാക്കി ഉറക്കമിളച്ചും ബലിയിട്ടത് പതിനായിരങ്ങളാണ്.
പെരിയാറിന്റെ ഇരുകരകളും ഇന്നലെ രാത്രി മുതൽ ശിവമന്ത്രധ്വനികളാൽ മുഖരിതമായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം നടന്നത്. അർദ്ധരാത്രിമുതലാണ് ശിവരാത്രി തർപ്പണം ആരംഭിക്കേണ്ടിയിരുന്നതെങ്കിലും ഭക്തരുടെ തിരക്കേറിയതോടെ ഇന്നലെ രാത്രി ഒമ്പതോടെ അദ്വൈതാശ്രമത്തിലും മണപ്പുറത്തും തർപ്പണചടങ്ങുകൾ ആരംഭിച്ചിരുന്നു. ശിവരാത്രി തർപ്പണ ചടങ്ങുകൾ ഇന്ന് ഉച്ചവരെ തുടരും. എന്നാൽ കുംഭമാസത്തിലെ കറുത്തവാവ് ഇന്ന് വൈകിട്ട് 6.30 മുതൽ നാളെ ഉച്ചയ്ക്ക് 2.30 വരെയായതിനാൽ ഈ സമയത്തും ബലിതർപ്പണത്തിന് ഭക്തരെത്താൻ സാദ്ധ്യതയേറെയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ 2021ൽ ശിവരാത്രി ബലിതർപ്പണം നടന്നിരുന്നില്ല. 22ൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതിയുണ്ടായത്. കഴിഞ്ഞ വർഷവും ഇക്കുറിയും ബലിതർപ്പണത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മണപ്പുറത്ത് നൂറോളം ബലിത്തറകളുണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണസൗകര്യമൊരുക്കിയിരുന്നു. ദൂരെദിക്കുകളിൽ നിന്നെത്തിയവർ ഇന്നലെ രാത്രിതന്നെ തർപ്പണം നടത്തി മടങ്ങി.
മണപ്പുറത്തെ ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
അദ്വൈതാശ്രമത്തിൽ മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, സ്വാമി നാരായണ ഋഷി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റൂറൽ ജില്ലാ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾക്കായി രംഗത്തുണ്ട്. നഗരസഭ, ഫയർഫോഴ്സ്, നേവി, എക്സൈസ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രത്യേക ഓഫീസുകളും മണപ്പുറത്ത് തുറന്നിട്ടുണ്ട്.