കോലഞ്ചേരി: അവധി ആഘോഷിക്കാനായി അരീക്കൽ വെള്ളച്ചാട്ടത്തിൽ പോയി മടങ്ങും വഴി പെരുവുംമൂഴി ഊരമന കടവിൽ കുളിക്കാൻ ഇറങ്ങിയ മരട് റപ്പായി പി.ജി ഹോസ്റ്റലിലെ താമസക്കാരനായ ലിങ്കൺ കുര്യൻ (41) മുങ്ങി മരിച്ചു. മരടിലെ മാളിലെ മൂന്ന് ജീവനക്കാരോടൊപ്പമാണ് വിനോദയാത്ര പോയത്. തിരിച്ച് വരും വഴിയാണ് പെരുവുംമൂഴി ഊരമന കടവിൽ കുളിക്കാനായി വൈകിട്ട് 6 മണിയോടെ എത്തിയത്. താഴേയ്ക്ക് നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. അടിയൊഴുക്ക് കൂടുതലുള്ള മേഖലയാണത്. കൂടെയുള്ളവരുടെ കരച്ചിൽ കേട്ട് സമീപ വാസികളും താഴെ കുളിച്ചു കൊണ്ടിരുന്നവരും വന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മുങ്ങിയതിന് തൊട്ടു താഴെയുള്ള കടവിൽ നിന്നുമാണ് രക്ഷിച്ചത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി​യി​ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.