mangrove

കൊച്ചി: റെയിൽവേ വികസനപദ്ധതിക്കായി കണ്ടൽക്കാടുകൾ ഒഴിവാക്കിയതിന് പകരമായി ദക്ഷിണ റെയിൽവേയും ഹരിതകേരളം മിഷനും സംയുക്തമായി കണ്ടൽത്തുരുത്തുകൾ നിർമ്മിക്കുന്നു. റെയിൽപ്പാത ഇരട്ടിപ്പിക്കലിൽ രണ്ടേകാൽ ഏക്കർ കാട് നഷ്ടമായതിനു പകരം റെയിൽവേ കണ്ടെത്തിയ ഏഴേകാൽ ഏക്കർ സ്ഥലത്ത് കണ്ടൽച്ചെടികൾ നടും. ഇതിനു പുറമേ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലും കണ്ടൽക്കാടൊരുക്കും. തദ്ദേശ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, വനംവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ എറണാകുളം മുതൽ തെക്കോട്ട് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ പരിശോധന നടത്തുകയാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പരിശോധന പൂർത്തിയായി. 64 കിലോമീറ്റർ ദൂരത്തിൽ 16.5 ഏക്കർ സ്ഥലത്താണ് കണ്ടൽക്കാടുകൾ ഒരുക്കുന്നത്. എറണാകുളം ജില്ലയിൽ ചിറ്റേത്തുകരയിലെ ഒരു ഏക്കറിലാണ് ഒരുക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്. ഓരോ പ്രദേശത്തിനും യോജിച്ച കണ്ടൽച്ചെടി കണ്ടെത്തി നടാനാണ് പദ്ധതി.

പ്രാദേശിക പരിപാലനസമിതി

കണ്ടൽക്കാടിന്റെ പരിപാലനത്തിന് പ്രദേശിക സമിതിയെ നിയോഗിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. കടലാക്രമണം തടയുമെന്നതിനാൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ- 33

ആകെ കിലോമീറ്റർ- 64

ഏക്കർ- 16.5

കണ്ടൽക്കാടിനായി തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയ സ്ഥലം പരിശോധിച്ച് വരികയാണ്. പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

എസ്.യു, സഞ്ജീവ്

അസി. കോ-ഓർഡിനേറ്റർ

കൃഷി, പരിസ്ഥിതി വിഭാഗം

ഹരിതകേരളം മിഷൻ