vanitha
കേരളകൗമുദി വനിതാശക്തി സംഗമം

കൊച്ചി: വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിക്കുന്ന വനിതാശക്തി സംഗമം- 2024 ഇന്ന്. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന പരിപാടി രാവിലെ 10ന് നിയമ - വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അദ്ധ്യക്ഷത വഹിക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. കൊച്ചി നഗരസഭാ കൗൺസിലർ പദ്മജ എസ്. മേനോൻ, മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യൂവകുപ്പിന്റെ പുരസ്‌കാരം നേടിയ ലൂസി സ്മിത സെബാസ്റ്റ്യൻ, മികച്ച സാമൂഹ്യപ്രവർത്തകകൂടിയായ തൃക്കാക്കര നഗരസഭാ കൗൺസിലർ റസിയ നിഷാദ്, ചലച്ചിത്രതാരവും എം.ജി സർവകലാശാലാ കലോത്സവത്തിൽ പ്രതിഭാതിലകവുമായ ട്രാൻസ്‌വുമൺ സഞ്ജന ചന്ദ്രൻ, അന്യസംസ്ഥാനതൊഴിലാളിയുടെ കുഞ്ഞിന് മുലയൂട്ടി മാതൃകയായ സിവിൽ പൊലീസ് ഓഫീസർ എം.എ. ആര്യ, ഹെവി വാഹനങ്ങൾക്ക് ഉൾപ്പെടെ ഡ്രൈവിംഗ് പരിശീലനം നൽകുന്ന രാധാമണിഅമ്മ എന്നിവരുൾപ്പെടെ 20ലേറെപ്പേരെയാണ് ആദരിക്കുന്നത്.

എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൗൺസിലർ പദ്മജ.എസ്. മേനോൻ എന്നിവർ സംസാരിക്കും. സീനിയർ സബ് എഡിറ്റർ സി.എസ്. ഷാലറ്റ് സ്വാഗതവും അക്കൗണ്ടന്റ് കെ.എസ്. ചിന്നു നന്ദിയും പറയും.