മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ മഹാശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ നൂറുകണക്കിനുപേർ ബലിതർപ്പണം നടത്തി. ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിൽ വെള്ളിയാഴ്ച രാത്രി 12 മുതൽ ബലിതർപ്പണം തുടങ്ങി. ക്ഷേത്രം മേൽശാന്തി രാകേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ, പ്രമോദ് കെ.തമ്പാൻ, അഡ്വ.എൻ.രമേശ് എന്നിവർ നേതൃത്വം നൽകി.

 ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നിരവധി പേർ ബലിതർപ്പണം നടത്തി. വെള്ളിയാഴ്ച രാത്രി 12ന് ശിവരാത്രി ദർശനശേഷമാണ് ബലിയിടൽ ചടങ്ങ് ആരംഭിച്ചത്. ക്ഷേത്രത്തിലെ തീർത്ഥക്കരയിൽ പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിലാണ് തർപ്പണം നടത്തിയത്. ബലിതർപ്പണ ചടങ്ങുകൾക്ക് നാരായണൻ ഇളയത്, നാരായണ ശർമ്മ എന്നിവർ കാർമ്മികത്വം വഹിച്ചു. തിലഹവനം, സായൂജ്യപൂജ, നമസ്കാരം എന്നിവയുമുണ്ടായിരുന്നു.

 വെള്ളൂർക്കുന്നം ശിവക്ഷേത്രത്തിൽ നൂറകണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിലാണ് പിതൃമോക്ഷത്തിനായി ബലിയിടൽ നടത്തിയത്. മൂവാറ്റുപുഴ ശിവൻകുന്ന് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നിരവധി പേർ ബലിതർപ്പണം നടത്തി. വെള്ളിയാഴ്ച രാത്രി 12ന് ശിവരാത്രി ദ‌ർശനശേഷമാണ് ബലിയിടൽ ചടങ്ങ് ആരംഭിച്ചത്. മുടവൂർ ചാക്കുന്നത്ത് ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് നിരവധി പേർ ബലിതർപ്പണം നടത്തി.