
കൊച്ചി: ബമ്പർ ഒഴികെയുള്ള ലോട്ടറി ടിക്കറ്റുകളുടെ അച്ചടി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ലോട്ടറി ഓഫീസുകളിൽ എ.ടി.എം മാതൃകയിൽ പ്രവർത്തിക്കുന്ന ക്യു.ആർ കോഡ് സ്കാനിംഗ് മെഷീനുകൾ സ്ഥാപിക്കും. ഏജന്റുമാർ എത്തിക്കുന്ന, സമ്മാനമടിച്ച ടിക്കറ്റുകൾ സ്കാൻ ചെയ്ത് വൗച്ചർ എഴുതി പണം നൽകുന്ന ജോലി ജീവനക്കാരുടെ സമയം അപഹരിക്കുന്നത് ഒഴിവാക്കാനാണിത്.
മെഷീനിൽ ടിക്കറ്റ് വച്ചാൽ സ്വയം സ്കാൻ ചെയ്ത് പണം നൽകിക്കൊള്ളും. ജോലിഭാരം കുറഞ്ഞാൽ, കൂടുതലായി അച്ചടിക്കുന്ന ടിക്കറ്റുകൾ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് കഴിയും.
മെഷീൻ നിർമ്മിക്കാൻ സർക്കാരിന്റെ അനുമതിയായി. പ്രോട്ടോടൈപ്പ് തയ്യാറാക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി. പ്രോട്ടോടൈപ്പ് ടെക്നിക്കൽ കമ്മിറ്റി പരോശോധിച്ച് അനുമതി നൽകും.
ആദ്യം തിരുവനന്തപുരം ഓഫീസിൽ മെഷീൻ സ്ഥാപിക്കും. പ്രവർത്തനം വിലയിരുത്തിയ ശേഷം മറ്റ് ജില്ലകളിലും സ്ഥാപിക്കും. എത്ര മെഷീൻ വേണം, പദ്ധതിക്കാവശ്യമായ തുക എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മെഷീൻ പ്രവർത്തനമാരംഭിച്ചാലേ ടിക്കറ്റിന്റെ അച്ചടി വർദ്ധിപ്പിക്കാൻ സാധിക്കൂ.
സ്കാനിംഗ് മെഷീൻ
സമ്മാനമടിച്ച മൂന്നു ലക്ഷം ടിക്കറ്റുകൾ പ്രതിദിനം ലോട്ടറി ഓഫീസുകളിലെത്തുന്നുണ്ട്. ഏജന്റുമാർ അതിരാവിലെ ഓഫീസുകളിലെത്തി ക്യൂ നിന്നാണ് ടിക്കറ്റുകൾ ഏല്പിച്ച് തുക കൈപ്പറ്റുന്നത്. വലിൽ ഏജന്റുമാരുടെ കൈവശം ആയിരക്കണക്കിന് ടിക്കറ്റുണ്ടാകും. ഇത് ഓരോന്നായി സ്‌കാൻ ചെയ്യണം. മെഷീനുകൾ സ്ഥാപിച്ചാൽ ഈ കാലതാമസം ഒഴിവാകും.
നിലവിൽ അച്ചടിക്കുന്നത്
(12 സീരീസുകൾ)
ഫിഫ്റ്റി - ഫിഫ്റ്റി ഒഴികെ - 1.8 കോടി
ഫിഫ്റ്റി - ഫിഫ്റ്റി - 87 ലക്ഷം
സ്കാനിംഗ് മെഷീൻ എത്തിയാൽ മാത്രമേ അച്ചടി വർദ്ധിപ്പിക്കാൻ സാധിക്കൂ. അച്ചടി വർദ്ധിപ്പിക്കുമ്പോൾ ജോലികൾ ഇരട്ടിയാകും. എല്ലാ ജില്ലാ ഓഫീസുകളിലും ലോട്ടറി ഡയറക്ടറേറ്റിലും മെഷീൻ സ്ഥാപിക്കാനാണ് ശ്രമം.
- എബ്രഹാം റെൻ, ഡയറക്ടർ
ലോട്ടറി വകുപ്പ്