കൊച്ചി: ചക്കചിപ്സ് മൊത്തവ്യാപാരിയെ വഞ്ചിച്ചെന്ന പരാതിയിൽ ഇടപെട്ട പൊതുപ്രവ‌ർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ഫോണിലൂടെ ഭീഷണി നേരിട്ട നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതാവ് എം.എൻ. ഗിരി കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി നസീമുദ്ദീനെതിരേയാണ് കേസ്.

അങ്കമാലി മൂക്കന്നൂ‌ർ സ്വദേശി മോഹനന്റെ പക്കൽനിന്ന് വൻതോതിൽ ചിപ്സ് വാങ്ങിയശേഷം നസീമുദ്ദീൻ പണം നൽകാതെ മുങ്ങിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സാമ്പത്തികമായി തകർന്ന് ജപ്തി നേരിടുന്ന മോഹനനെ സഹായിക്കാൻ രൂപീകരിച്ച ജനകീയസമിതിയുടെ കൺവീനറായി ഗിരിയെ തിരഞ്ഞെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് നസീമുദ്ദീന്റെ ഭീഷണി സന്ദേശങ്ങൾ വന്നതെന്ന് ഗിരി വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു. 11കോടിരൂപ വിലമതിക്കുന്ന 400ടൺ ചക്കചിപ്സ് പ്രതിക്ക് നൽകിയിരുന്നുവെന്നാണ് മോഹനൻ പറയുന്നത്.