ഇന്ന് ഉച്ചക്ക് രണ്ടര

വരെ തർപ്പണം തുടരും

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃബലിയർപ്പിച്ച് ഭക്തലക്ഷങ്ങൾ സായുജ്യം നേടി. പെരിയാറിന്റെ ഇരുകരകളിലുമായി പത്ത് ലക്ഷത്തോളം പേർ പിതൃബലിയർപ്പിക്കാൻ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഇന്നലെ ഉച്ചവരെ തുടർന്നു. കുംഭമാസത്തിലെ കറുത്തവാവ് ഇന്നലെ വൈകിട്ട് 6.30 മുതൽ ഇന്ന് ഉച്ചക്ക് 2.30 വരെയായതിനാൽ ഇന്നലെ വൈകിട്ടും തർപ്പണത്തിന് ഭക്തരെത്തി. ഇന്നും ഭക്തരെത്താൻ സാദ്ധ്യതയുള്ളതിനാൽ മണപ്പുറത്തും അദ്വൈതാശ്രമത്തിലും തർപ്പണ സൗകര്യങ്ങൾ തുടരും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം നടന്നത്. മണപ്പുറത്ത് നൂറിലേറെ ബലിത്തറകളുണ്ടായിരുന്നു.

മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ദേവസ്വം ബോർഡ് മെംബർ ജി. സുന്ദരേശൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു.

അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ സ്വാമി നാരായണഋഷി, പി.കെ. ജയന്തൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ, ഗുരുധർമ്മ പ്രചരണ സഭ, ശ്രീനാരായണ ക്ളബ് എന്നിവയുടെ വളന്റിയർമാരെല്ലാം സേവനത്തിനായി അദ്വൈതാശ്രമത്തിൽ ഉണ്ടായിരുന്നു.