ആലുവ: ആലുവ മണപ്പുറത്തെ ശിവരാത്രി വ്യാപാരമേളയിൽ നിയമവിരുദ്ധമായി പ്രവർത്തിപ്പിച്ച റൈഡറുകൾ നഗരസഭയുടെ പരാതിയെ തുടർന്ന് പൊലീസ് നിർത്തിവയ്പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന്റെ എൻ.ഒ.സി ഹാജരാക്കാത്തതിനാൽ ഈ റൈഡറുകൾക്ക് നഗരസഭ അനുമതി നൽകിയിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച്ച രാത്രി എട്ടോടെ റൈഡറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു.

നഗരസഭാ സെക്രട്ടറി പി.ജെ. ജെസിന്ത ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതിനെ തുടർന്നാണ് രാത്രി പത്തോടെ റൈഡറുകളുടെ പ്രവർത്തനം പൊലീസ് തടഞ്ഞത്. ഒരു മണിക്കൂറിനുശേഷം റൈഡറുകൾ പ്രവർത്തിപ്പിക്കാൻ ശ്രമം ആരംഭിച്ചപ്പോൾ വീണ്ടും നഗരസഭ പൊലീസിനെ അറിയിച്ചു. ഇതേതുടർന്ന് പൊലീസ് രേഖാമൂലം കരാറുകാർക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കരാറുകാർ റൈഡറുകൾ പ്രവർത്തിപ്പിച്ചതെന്നാണ് നഗരസഭയുടെ നിലപാട്. പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗത്തിന്റെ എൻ.ഒ.സി ഹാജരാക്കാതെ യാതൊരു കാരണവശാലും റൈഡറുകൾക്ക് പ്രവർത്തനാനുമതി നൽകാനാകില്ലെന്ന് സെക്രട്ടറി പി.ജെ. ജെസിന്ത 'കേരളകൗമുദി'യോട് പറഞ്ഞു. ഇതു കോടതിയലക്ഷ്യ നടപടിയാണ്. കോടതി ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസ് നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

കെ.എസ്.ഇ.ബി ഇൻസ്‌പെക്ടറേറ്റിന്റെയും ജില്ലാ ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിന്റെയും എൻ.ഒ.സി കരാറുകാരൻ നഗരസഭയ്ക്ക് നേരത്തെ കൈമാറിയിരുന്നു. കോഴിക്കോട് നിന്ന് പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗത്തിന്റെ എൻ.ഒ.സിയാണ് ലഭിക്കാതിരുന്നത്. ഇതുകൂടി ലഭിക്കാതെ നഗരസഭയ്ക്ക് പ്രവർത്തനാനുമതി നൽകാനാവില്ലെന്ന് സെക്രട്ടറി പി.ജെ. ജെസിന്ത 'കേരളകൗമുദി'യോട് പറഞ്ഞു.