കൊച്ചി: മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പശുധൻ ആപ്പ് കുടുക്കായെന്ന് മൃഗസംരക്ഷണവകുപ്പ് ജീവനക്കാർ. വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷനും മറ്റും നൽകിയതിന്റെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കണമെങ്കിൽ ആപ്പിൽ വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്യണം. കഴിഞ്ഞമാസമാണ് ഇത് നിർബന്ധമാക്കിയത്. നെറ്റ്‌വർക്ക് പ്രശ്നം മൂലം ഒ.ടി.പി ലഭിക്കാത്തതിനാൽ ആപ്പിൽ വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.

നെറ്റ്‌വർക്ക് പ്രശ്നമില്ലാത്തതിനാൽ ഓഫീസുകളിലെത്തിയ ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കർഷകർ അവരുടെ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി പലപ്പോഴും കൈമാറാൻ തയ്യാറാകുന്നില്ല.

മൃഗസംരക്ഷണ ജീവനക്കാർ വീടുകൾ സന്ദർശിച്ച് വാക്സിൻ നൽകുന്ന രീതിയാണ് വർഷങ്ങളായി കേരളത്തിൽ പിന്തുടരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പശുധൻ ആപ്പിലേക്ക് ഡാറ്റ നൽകുന്നത്. ക്യാമ്പുകളിൽ എത്താൻ കർഷകർക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇവിടെ വീടുകളിലെത്തി സേവനം നൽകുന്നതെന്ന് ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർ പറയുന്നു.

കേന്ദ്രം അനുവദിച്ച രണ്ടരക്കോടി രൂപകൊണ്ട് പത്തുലക്ഷം മൃഗങ്ങൾക്ക് അടുത്തിടെ വാക്സിൻ നൽകിയിരുന്നു. കുളമ്പുരോഗം, പക്ഷിപ്പനി പ്രതിരോധപ്രവർത്തനങ്ങളാണ് കൂടുതൽ. എന്നാൽ എണ്ണായിരത്തോളം മൃഗങ്ങളുടെ ഡാറ്റ മാത്രമാണ് അപ്‌ലോഡ് ചെയ്യാനായത്. വിവരങ്ങൾ കൃത്യമായി നൽകിയില്ലെങ്കിൽ തുടർന്നുള്ള സഹായം നിലയ്ക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ മൂന്നുഘട്ടങ്ങളിലും മൃഗാശുപത്രികളിലെ കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു. നാലാംഘട്ടത്തിൽ പശുധൻ ആപ്പ് നിർബന്ധമാക്കി.

ആപ്പ് ഉപയോഗത്തിനായി കേന്ദ്രപദ്ധതിയിൽപ്പെടുത്തി ജീവനക്കാ‌ർക്ക് ടാബുകൾ നൽകിയെങ്കിലും പലതും ഉപയോഗശൂന്യമായി. പിന്നീട് അനുവദിച്ച 4ജി സിമ്മുകൾ പഴയടാബുകൾക്ക് യോജിച്ചതല്ലെന്നതും പ്രശ്നമായി. അതിനാൽ നടപടികൾ ലളിതമാക്കമെന്നാണ് ആവശ്യം.

272

കോടി നഷ്ടമാകും

പശുധൻ ആപ്പിലേക്ക് ഡാറ്റ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കേന്ദ്രത്തിന് സമർപ്പിച്ച 272 കോടി രൂപയുടെ പദ്ധതികളും തടയുമെന്ന് ആശങ്കയുണ്ട്. അപ്ഡേറ്റ് ചെയ്യാനാകുന്നില്ലെങ്കിൽ കാരണം ബോധിപ്പിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുകൾ കൈമാറണെന്നും കേന്ദ്രം നിർദ്ദേശിച്ചത് ജീവനക്കാരെ സമ്മ‌ർദ്ദത്തിലാക്കി.

ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർക്ക് യാത്രപ്പടി ഇനത്തിൽ നിശ്ചയിച്ച 300 രൂപ അപര്യാപ്തമാണെന്നും പരാതിയുണ്ട്.

 സംസ്ഥാന സർക്കാരിന്റെ ഇനാഫ് പോർട്ടലിൽ ഒ.ടി.പി. ഇല്ലാതെതന്നെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇത് തുടരാൻ കേന്ദ്രം അനുവദിക്കുന്നില്ല.

- എസ്. സജീവ് (സംസ്ഥാന സെക്രട്ടറി, ജോയിന്റ് കൗൺസിൽ)