
ഫോർട്ട് കൊച്ചി: മൂന്നു വർഷം മുമ്പ് ഫോർട്ട്കൊച്ചിക്ക് കടൽ നൽകിയ മനോഹര തീരം മരണക്കെണിയായി. ശക്തമായ തിരകളും അടിയൊഴുക്കും ആഴവുമാണ് വിനോദസഞ്ചാരികൾക്ക് കെണിയൊരുക്കുന്നത്. പേരിനുപോലുമില്ല സുരക്ഷാസംവിധാനങ്ങൾ.
തീരം കാർന്നുതിന്നുന്ന കടൽ ചതിക്കുഴികൾ ഒരുക്കുന്നതിനാൽ മുതിർന്നവരുടെപോലും കാലിടറുന്നു. കൊച്ചിയുടെ ഏറെയകലെയല്ലാത്ത ബീച്ച് റോഡ് ബീച്ചാണ് അപകട മുനമ്പായത്. വെള്ളിയാഴ്ച കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ളാസ് വിദ്യാർത്ഥി മുങ്ങി മരിച്ചതിനു പിന്നാലെ ഇന്നലെയും രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. മത്സ്യതൊഴിലാളികൾ കണ്ടതിനാൽ കഷ്ടിച്ചു രക്ഷപ്പെട്ടു. ധാരാളം ആളുകൾ എത്തുന്നുണ്ടെങ്കിലും ലൈഫ് ഗാർഡുകൾ ഇല്ല. ഫോർട്ട്കൊച്ചി കടപ്പുറത്ത് ലൈഫ് ഗാർഡുകൾ ഒതുങ്ങുന്നതിനാൽ ഏതാനും കിലോമീറ്റർ അകലെ മരണതീരമാവുകയാണ്. നല്ല നസ്റായൻ കൂട്ടായ്മ സ്ഥാപിച്ച ലൈഫ് ബോയ മാത്രമാണ് പേരിനെങ്കിലുമുള്ള സുരക്ഷാ സംവിധാനം.
മൂന്നര വർഷം മുമ്പാണ് ഈ തീരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വ്യായാമത്തിനും മറ്റും പലരും എത്തിത്തുടങ്ങി. കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി കയാക്കിംഗ് പരിശീലനം ഇവിടെ സംഘടിപ്പിച്ചതോടെയാണ് തീരം ഹിറ്റായത്. ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ഏറ്റവും മികച്ച കേന്ദ്രമാകും. എല്ലാ ഞായറാഴ്ചയും കയാക്കിംഗ് പരിശീലനമുണ്ട്. സുരക്ഷാ സംവിധാനമൊരുക്കിയാൽ ഒരു മനോഹരതീരം കൂടി കൊച്ചിക്കു സ്വന്തമാകും.
ഫോർട്ട്‌കൊച്ചിയിലെ പുതിയ തീരത്ത് അപകടം പതിവായ സാഹചര്യത്തിൽ അടിയന്തരമായി രണ്ട് ലൈഫ്ഗാർഡുമാരെ നിയമിക്കണം
-വി.ഡി. മജീന്ദ്രൻ
സംസ്ഥാന സെക്രട്ടറി
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ