കുട്ടമ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലെ ഓൾഡ് ആലുവ -മൂന്നാർ രാജപാത അനധികൃതമായി കെ.എസ്.ഇ.ബിക്ക് ലീസിന് നൽകിയ വനംവകുപ്പ് നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. 145 വർഷമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് വനംവകുപ്പ് ബലമായി കൈയേറി കെ.എസ്.ഇ.ബി യ്ക്ക് ലീസിന് കൊടുത്ത നടപടിയിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഓൾഡ് ആലുവ- മൂന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡ് ആക്ഷൻ കൗൺസിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പെരുമ്പൻകുത്ത് മുതൽ കുറത്തിക്കുടിവരെയുള്ള 5 കിലോമീറ്റർ റോഡാണ് കെ.എസ്.ഇ.ബി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. റോഡ് വനംവകുപ്പ് കെ.എസ്.ഇ.ബിക്ക് കൈമാറിയ സംഭവം അറിഞ്ഞില്ലെന്ന പി.ഡബ്ല്യു.ഡി അധികൃതരുടെ നിലപാടിൽ ദുരൂഹതയുണ്ടെന്നും രാജപാത ആക്ഷൻ കൗൺസിൽ യോഗം വിലയിരുത്തി. പ്രസിഡന്റ് ഷാജി പയ്യാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ ജോസ്, ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് , റോബിൻ ഫിലിപ്പ് , പി.ഡി.സജി, ഷെറിലിൻ ജോസഫ്, പോൾ വെള്ളാങ്കൽ, വി.ജെ.ബിജു എന്നിവർ സംസാരിച്ചു.