
കൊച്ചി: കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയുടെ ഭൂമി വിറ്റതിലെ ക്രമക്കേടുകൾ വിശദമായി അന്വേഷിക്കാൻ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിട്ടു. തെറ്റിദ്ധാരണകൾ മൂലം ഉത്ഭവിച്ച കേസാണിതെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥൻ സമർപ്പിച്ച റഫർ റിപ്പോർട്ട് കോടതി തള്ളി.
ലത്തീൻ കത്തോലിക്കാ സഭയ്ക്ക് കീഴിൽ വരാപ്പുഴ അതിരൂപതയിൽപ്പെട്ട പള്ളിയുടെ ഇടപ്പള്ളി ബൈപ്പാസിലെ 2.23 ഏക്കർ ഭൂമി 2006ൽ 8.55 കോടി രൂപയ്ക്ക് വിറ്റതാണ് കേസിനാധാരം. തുക അന്നത്തെ പള്ളിവികാരിയും കേസിലെ ഒന്നാംപ്രതിയുമായ ഫാ. റോണി ജോസഫ് മനക്കലിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഇതിൽ 8.08 കോടി രൂപയാണ് പള്ളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.
ഇടവകാംഗമായ പി.ജെ.റോയ് മൈക്കിൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ഉത്തരവിൽ പറയുന്നു. മേയ് 15ന് റിപ്പോർട്ട് സമർപ്പിക്കണം. തൃക്കാക്കര എസ്.എച്ച്.ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
വ്യവസ്ഥകൾ പാലിച്ചില്ല
കാനോൻ നിയമപ്രകാരം പള്ളി സ്ഥലം വിൽക്കാൻ ഇടവകാംഗങ്ങളുടെയോ പൊതുയോഗത്തിന്റെയോ അനുമതി വേണം. വസ്തുവിന്റെ മൂല്യനിർണയം നടത്തി ഫിനാൻഷ്യൽ കൗൺസിലിന്റെ അംഗീകാരത്തോടെ ബിഷപ്പാണ് അന്തിമ അനുമതി നൽകേണ്ടത്. ഈ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു.
ഒന്നാം പ്രതി ഫാ.റോണി ജോസഫ് മനയ്ക്കൽ ഇപ്പോൾ കോതാട് തിരുഹൃദയ പള്ളി വികാരിയാണ്. രാജു പള്ളൻ, ഷാജി ചക്കാലക്കൽ, ജോസഫ് അമ്മഞ്ചേരി, വി.വി.തോമസ് എന്നിവരാണ് മറ്റ് പ്രതികൾ.
കോടതി പറഞ്ഞത്:
അന്വേഷണ ഉദ്യോഗസ്ഥൻ പ്രസക്തമായ രേഖകൾ കസ്റ്റഡിയിലെടുത്തില്ല
നിർണായക സാക്ഷികളിൽ നിന്ന് മൊഴിയെടുത്തില്ല, ചോദ്യം ചെയ്തില്ല
ഭൂമി വില്പനയിലൂടെ ലഭിച്ച പണം പോയവഴി കണ്ടെത്താൻ പരിശ്രമിച്ചില്ല
വില്പന കരാറുകൾ പിടിച്ചെടുക്കാനായില്ല
വികാരിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം മാറ്റിയത് അന്വേഷിച്ചിട്ടില്ല
മേലധികാരികളുടെ അനുമതി വാങ്ങിയില്ലെന്ന പരാതി അന്വേഷിച്ചില്ല
മറ്റുള്ളവരുടെ ഇടപെടലുകൾ വ്യക്തമാക്കുന്ന കരാറുകൾ പരാതിക്കാരൻ നൽകാമെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല
വിറ്റത്
2.23 ഏക്കർ
ലഭിക്കേണ്ടത്
8.55 കോടി രൂപ
ലഭിച്ചത്
8.08 കോടി