
കൊവിഡിന് ശേഷം ഏറെ സാദ്ധ്യതയുള്ള മേഖലയാണ് മോളിക്യുലാർ ബയോളജി. ജീവശാസ്ത്ര വിഷയങ്ങളിൽ ഗവേഷണ സാദ്ധ്യതയുള്ള ഇന്റർഡിസിപ്ലിനറി ശാഖയാണിത്. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്യുലാർ ബയോളജിയുടെ സാദ്ധ്യതകൾ വളരെ കൂടുതലാണ്. മോളിക്യുലാർ , സെല്ലുലാർ തലത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും ഈ ശാസ്ത്രശാഖയിലുണ്ട്. മൈക്രോബയോളജി, മെഡിസിൻ, ഫിസിയോളജി, ഫാർമകോളജി, സൈറ്റോ ജനറ്റിക്‌സ്, ബയോകെമിസ്ട്രി, രോഗനിർണ്ണയം, പുത്തൻ മരുന്നുകളുടെ നിർമ്മാണം, ഫർമക്കോ കൈനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ജീനോമിക് പഠനം എന്നിവ ചേർന്ന ഒരു സംയോജിത പഠന മേഖലയാണിത്.
സൂക്ഷ്മാണുക്കളുടെ ജനിതക ഘടന വിശകലനം, ഡി.എൻ.എ/ആർ.എൻ.എ വാക്‌സിൻ നിർമ്മാണം, രോഗാണുക്കളുടെ ജനിതക ഘടന വിലയിരുത്തിയുള്ള വാക്‌സിൻ ഉല്പാദനം മുതലായവ മൈക്രോബയോളജിയിലൂടെ പ്രവർത്തികമാണ്. സൂക്ഷ്മാണുക്കളുടെ ജനിതക വിശകലനം അവയുടെ രോഗ നിർണയ ശേഷി, തീവ്രത, ആന്റിബയോട്ടിക്കുകൾക്കെതിരായുള്ള പ്രതിരോധ ശേഷി മുതലായവ നിരീക്ഷിക്കാൻ സഹായിക്കും.
പുത്തൻ മരുന്നുകളുടെ നിർമ്മാണം, രോഗ പ്രതിരോധശേഷി വിലയിരുത്തൽ, ജനറ്റിക് എൻജിനിയറിംഗ് സാദ്ധ്യതകൾ, ജനിതക രോഗങ്ങളുടെ നിയന്ത്രണം, റീജനറേറ്റീവ് ബയോളജി, ബയോ എൻജിനിയറിംഗ് എന്നിവ മോളിക്യുലാർ ബയോളജിയിൽ ഉൾപ്പെടുന്നു. വ്യക്തിഗത മരുന്നുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ മോളിക്യുലാർ ബയോളജിക്ക് അനന്ത സാദ്ധ്യതകളുണ്ട്. അൾഷെമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ മാറാരോഗങ്ങളുടെ ചികിത്സയിൽ മോളിക്യുലാർ ബയോളജി ഗവേഷണം ഫലപ്രദമായ കണ്ടെത്തലുകൾക്ക് രൂപം നല്കിയീട്ടുണ്ട്.
മെഡിക്കൽ ന്യൂറോ സയൻസ്, ഫോറൻസിക് സയൻസ്, സ്റ്റം സെൽ തെറാപ്പി, കാൻസർ രോഗനിർണയം, ചികിത്സ എന്നിവയിൽ ഏറെ ഗവേഷണ സാദ്ധ്യതകൾ ഈ മേഖലയിലുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള ബയോടെക്‌നോളജി ഗവേഷണ രംഗത്തും മോളിക്യുലാർ ബയോളജി പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.
കോഴ്സുകൾ
............................
മോളിക്യുലാർ ബയോളജിയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്‌സുകളുണ്ട്. ഇവയിൽ ബിരുദ കോഴ്‌സുകൾ ഇന്ത്യയിൽ കുറവാണ്. ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകളാണേറെയും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മോളിക്യുലാർ ബയോളജിയിൽ ബി.എസ്‌സി ബിരുദ പ്രോഗ്രാമിന് ചേരാം. ജീവശാസ്ത്രമേഖലയിലെ സുവോളജി, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോമെഡിക്കൽ സയൻസ്, ഫിസിയോളജി, ഫോറൻസിക് സയൻസ്, വെറ്ററിനറി സയൻസ്, മെഡിസിൻ, ഡെന്റിസ്ട്രി, നഴ്‌സിംഗ് മുതലായ കോഴ്‌സുകൾ പഠിച്ചവർക്കും മോളിക്യുലാർ ബയോളജിയിൽ രാജ്യത്തിനകത്തും വിദേശത്തും ബിരുദാനന്തര കോഴ്‌സുകൾക്ക് പഠിക്കാം.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, കേന്ദ്ര-സംസ്ഥാന-കൽപിത-ഡീംഡ് സർവ്വകലാശാലകൾ, അസീം പ്രേംജി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ബംഗളൂരു, ഐ.സി.എം.ആർ, ആയുഷ് , ഐ.സി.എ.ആർ, സി.എസ്.ഐ.ആർ, ഐ.വി.ആർ.ഐ, എൻ.ഡി.ആർ.ഐ സ്ഥാപനങ്ങൾ, അമൃത യൂണിവേഴ്‌സിറ്റി, മണിപ്പാൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം നടത്താം. അമൃത യൂണിവേഴ്‌സിറ്റിയിൽ മോളിക്യുലാർ മെഡിസിൻ, നാനോ മെഡിസിൻ എന്നിവയിൽ ബി.എസ്‌സി പ്രോഗ്രാമുകളുണ്ട്. കോമൺ യൂണിവേഴ്‌സിറ്റി പ്രവേശനപരീക്ഷയെഴുതി മോളിക്യുലാർ ബിയോളജി ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഇന്ത്യയിൽ പഠിക്കാം.
മോളിക്യുലാർ ബയോളജിക്ക് വിദേശരാജ്യങ്ങളിൽ ഏറെ ഉപരിപഠന സാദ്ധ്യതകളുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, യു.കെ, നെതർലാൻഡ്‌സ്, കനേഡിയൻ സർവകലാശാലകളിൽ മികച്ച അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളായ ഐ.ഇ.എൽ.ടി.എസ്/ ടോഫെൽ എന്നിവയോടൊപ്പം അമേരിക്കയിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ജി.ആർ.ഇ സ്‌കോർ ആവശ്യമാണ്. അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് സാറ്റ്/ എ.സി.ടി സ്‌കോർ വേണ്ടിവരും. വിദേശ പഠനത്തിനായി നിരവധി സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. എറാസ്മസ്മുണ്ടസ്, ഫുൾബ്രൈറ്റ്, ഫെലിക്‌സ്, ഡി.എഫ്.ഐ.ഡി, UKIERI സ്‌കോളർഷിപ്/ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.
തൊഴിൽ സാദ്ധ്യതകൾ
..................................................
മോളിക്യുലാർ ബയോളജി പഠിച്ചവർക്ക് വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. ഗവേഷണ സ്ഥാപനങ്ങളിൽ സയന്റിസ്റ്റ്, കോളേജ്/ യൂണിവേഴ്‌സിറ്റികളിൽ അദ്ധ്യാപകർ, റിസർച്ച് അസോസിയേറ്റ്, വ്യവസായ സ്ഥാപനങ്ങളിൽ ആർ & ഡി യൂണിറ്റുകൾ, മരുന്ന് നിർമ്മാണ കമ്പനികൾ, മോളിക്യുലാർ ലബോറട്ടറികൾ എന്നിവിടങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. നിരവധി സ്‌കിൽ വികസന കോഴ്‌സുകൾ ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലങ്ങളിലുണ്ട്. ലൈഫ് സയൻസിൽ ബിരുദം, ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്കും മോളിക്യുലാർ ബയോളജിയിൽ ഉപരിപഠനം നടത്താം.
സ്ത്രീകൾക്കായി ബ്രിട്ടീഷ് കൗൺസിലിന്റെ
സ്റ്റെം സ്‌കോളർഷിപ്
യു.കെയിൽ ബിരുദാനന്തര ബിരുദ പഠനത്തിനൊരുങ്ങുന്ന വനിതകൾക്ക് സ്റ്റെം സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയിൽ നിന്നും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റെം സ്കോളർമാർക്കായി 25 സ്കോളർഷിപ്പുകളാണ് നീക്കിവച്ചിരിക്കുന്നത്. ക്വീൻ മേരി യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടൻ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റി, ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റി, ദ സതാംപ്ടൺ യൂണിവേഴ്‌സിറ്റി, കവെൻട്രി യൂണിവേഴ്‌സിറ്റി എന്നിങ്ങനെ യു.കെയിലെ 5 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പ് ലഭ്യമാകും.ട്യൂഷൻ ഫീസ്, സ്റ്റൈപ്പൻഡ്, യാത്രാ ചെലവുകൾ, വിസ, ആരോഗ്യ പരിരക്ഷാ ഫീസ്, ഇംഗ്ലീഷ് ഭാഷാ പിന്തുണ എന്നിവ സ്കോളർഷിപ്പിൽ ഉൾപ്പെടും. ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, എൻജിനിയറിംഗ് മാനേജ്മെന്റ്, സിവിൽ എൻജിനിയറിംഗ് മാനേജ്മെന്റ്, ഇന്റലിജന്റ് ഹെൽത്ത് കെയർ, ആക്ച്വറിയൽ സയൻസ് തുടങ്ങിയ കോഴ്സുകൾ പഠിക്കാൻ കഴിയും.
യോഗ്യത, കോഴ്സുകൾ, അപേക്ഷാ തീയതി എന്നിവ അറിയാൻ https://www.britishcouncil.in/study-uk/scholarships/womeninstem-scholarships സന്ദർശിക്കുക.