rajeev

കൊച്ചി: എല്ലാമേഖലയിലും തുല്യത അവകാശമായി കണ്ട് സ്ത്രീകൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. വനിതകളുടെ അവസരങ്ങൾ ആരുടെയും ഔദാര്യമല്ല. കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച വനിതാശക്തിസംഗമം എറണാകുളം ബി.ടി.എച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതകൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകൾ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളാണ് കൊച്ചിയും തിരുവനന്തപുരവും. ഭക്ഷ്യസംസ്‌കരണം, വസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ 71,000 പുതിയ വനിതാസംരംഭകർ കേരളത്തിലുണ്ട്. ഏറെയും ചെറുപ്പക്കാരാണ്. ആൺകുട്ടികളേക്കാൾ ആത്മവിശ്വാസത്തോടെ ഇടപെടാനും ഉത്തരവാദിത്വം നിറവേറ്റാനും അവർക്കു കഴിയുന്നു. ഐ.ടിഅടക്കമുള്ള രംഗങ്ങളിൽ വനിതാഅനുപാതം കൂടുതലാണെങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ കേരളം മുന്നോട്ടുപോകേണ്ടതുണ്ട്. നിയമനിർമ്മാണ സഭകളിലും മന്ത്രിസഭയിലും വനിതാ പ്രാതിനിദ്ധ്യം ഉയരണം.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ച 20 വനിതകൾക്ക് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി നൽകി. കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു.

മന്ത്രി പി. രാജീവ്, പ്രഭുവാര്യർ, കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, സൺറൈസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി പർവീൺ ഹഫീസ്, സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, കേരളകൗമുദി സീനിയർ സബ് എഡിറ്റർ സി.എസ്. ഷാലറ്റ്, അക്കൗണ്ട്‌സ് അസി. മാനേജർ കെ.എസ്. ചിന്നു എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

മന്ത്രിക്ക് കേരളകൗമുദിയുടെ ഉപഹാരം പ്രഭു വാര്യർ നൽകി. വനിതാ സംരംഭകർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
പദ്മജ എസ്. മേനോൻ, പർവീൺ ഹഫീസ്, പി.എൻ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. സി.എസ്. ഷാലറ്റ് സ്വാഗതവും കെ.എസ്. ചിന്നു നന്ദിയും പറഞ്ഞു. സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

പുതിയ തലമുറ

പ്രശ്നക്കാരല്ല
കൊച്ചി: കുട്ടികൾ പ്രശ്‌നക്കാരാണെന്നും പെൺകുട്ടികളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നുമുള്ള ധാരണ മാറ്റണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മുതിർന്നവർ അവരുടെ കാലത്തുനിന്ന് പുതിയ തലമുറയെ വിലയിരുത്തുന്നതാണ് പ്രശ്‌നം. നമ്മൾ കുട്ടികളായിരുന്നപ്പോൾ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതാണ് പ്രശ്നം. പുതിയകാലത്ത് കുട്ടികൾ തെറ്റിലേക്ക് പോകാതിരിക്കാൻ സഹായിക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടത്. രണ്ടായിരത്തിനുശേഷം ജനിച്ച പെൺകുട്ടികൾ മികവിൽ ഏറെ മുന്നിലാണെന്നാണ് പഠനറിപ്പോർട്ടുകൾ. അവർക്ക് എല്ലാരംഗത്തും ധൈര്യപൂർവം വരാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും കഴിയുന്നു. ഇതാണ് യഥാർത്ഥ വനിതാശാക്തീകരണമെന്നും മന്ത്രി പറഞ്ഞു.