കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച വനിതാശക്തി സംഗമം സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗത്ത് മികച്ച വനിതകളുടെ ആശയസംവാദത്തിനും അനുഭവം പങ്കുവയ്ക്കലിനും വേദിയായി. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്.
സ്വയം ശാക്തീകരിക്കപ്പെട്ടാലേ ലിംഗഭേദമില്ലാത്ത സ്ഥിതിസമത്വം അനുഭവവേദ്യമാകൂവെന്നായിരുന്നു ചടങ്ങിന്റെ പൊതുവികാരം. ബി.ജെ.പി ദേശീയസമിതി അംഗവും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ പത്മജ എസ്. മേനോൻ, സൺറൈസ് ഗ്രൂപ്പ് ഒഫ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ്, കാൽനൂറ്റാണ്ടിലേറെ മൂവാറ്റുപുഴ നഗരസഭയിൽ ചെയർപേഴ്സൺ, കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ച സംരംഭക കൂടിയായ മേരി ജോർജ് തോട്ടം, കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടറും മുൻ പ്രവാസിയുമായ ആഷ ലില്ലി തോമസ്, മികച്ച വില്ലേജ് ഓഫീസറായി രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ട ലൂസി സ്മിത സെബാസ്റ്റ്യൻ, തൃക്കാക്കര നഗരസഭ കൗൺസിലർ റസിയ നിഷാദ്, ജൈവകർഷകയും റെയ്കി ഹീലിംഗ് മാസ്റ്റർ ട്രെയിനറുമായ ബിന്ദു ബിജിമോൻ തുടങ്ങിയവർ സ്ത്രീശാക്തീകരണത്തിന്റെ പ്രായോഗികതയെക്കുറിച്ച് സംസാരിച്ചു.
പത്മജ എസ്. മേനോൻ
അർദ്ധരാത്രി പൊലീസിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന നഗരനടത്തം യഥാർത്ഥ സ്ത്രീസ്വാതന്ത്ര്യമല്ല. മുന്നിലും പിന്നിലും പൊലീസുണ്ടെങ്കിൽ ആർക്കും എവിടെയും നടക്കാം. അതല്ല സ്ത്രീകൾക്ക് ആവശ്യം. കൊച്ചി നഗരത്തിലെ രാത്രി കാഴ്ചകൾ അമ്മമാരുടെ ഹൃദയം പിളർക്കുന്നതാണ്. സ്വന്തം വീട്ടിൽ ഉൾപ്പെടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യപദവി നല്കണം. പറിച്ചെടുത്ത പുരികരോമങ്ങളെ വാളാക്കി പയറ്റിയോ സ്ലീവ്‌ലെസ് ബ്ലൗസ് അണിഞ്ഞോ അല്ല വനിതാസ്വാതന്ത്ര്യം പ്രകടിപ്പിക്കേണ്ടത്. പുരുഷന്മാരുടെ നിഴലായി മാറാതെ അവർക്കൊപ്പം തോളോടുതോൾ ചേർന്നുനിന്നു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് വേണ്ടത്.
* പർവീൺ ഹഫീസ്
നിത്യജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. അത്തരം സന്ദർഭത്തിൽ പതറിപ്പോകുന്ന ആർക്കും പ്രതിസന്ധികളെ തരണം ചെയ്യാനാവില്ല. ലോകത്ത് എവിടെയായാലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സമാനമാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 2000ൽ അധികം ജീവനക്കാരെ നയിക്കുന്ന വലിയൊരു ആശുപത്രി സമുച്ചയത്തിന്റെ മാനേജിംഗ് ഡയറക്ടർ ആയ തനിക്ക് കഴിഞ്ഞ 30 വർഷത്തെ അനുഭവത്തിൽ സ്ത്രീ എന്ന നിലയിൽ യാതൊരു പരിമിതിയും ഉണ്ടായിട്ടില്ല. എല്ലാവരും അവനവനെ സ്നേഹിക്കാൻ ശീലിക്കണം. പുരുഷന്മാരുടെകൂടി സഹായമില്ലാതെ സ്ത്രീശാക്തീകരണം അന്വർത്ഥമാകില്ല.
* ആഷ ലില്ലി തോമസ്
മാറ്റം ഉണ്ടാവേണ്ടത് മനുഷ്യ മനസുകളിലാണ്. സ്ത്രീകളാണ് പരിവർത്തനത്തിന് വിധേയമാകേണ്ടത്. അതിന് സ്ത്രീകൾ മാത്രം വിചാരിച്ചാൽ മതിയാകില്ല. വീട്ടിൽ കിട്ടുന്ന സുരക്ഷിതത്വത്തിൽ കാലം കഴിച്ചുപോകാനാണ് പലരും ആഗ്രഹിക്കുന്നത്. അത്തരം സുരക്ഷിതത്വത്തിൽ നിന്ന് പുറത്തുവന്ന് സ്വന്തം ഇടം സ്വയം കണ്ടെത്തുന്നവർ മാത്രമേ ലോകത്ത് വിജയിച്ചിട്ടുള്ളു. വെല്ലുവിളികളെ നേരിടാനുള്ള കരുത്താണ് ആവശ്യം. സ്വന്തം നിലയിൽ അദ്ധ്വാനിച്ച് വരുമാനമുണ്ടാക്കി സന്തോഷമുള്ള വനിതകളായി ജീവിക്കാൻ എല്ലാവർക്കും സാധിക്കണം. മദ്ധ്യവയസ്കർ ഹാപ്പിഹോർമോണുകളെക്കുറിച്ച് പഠിക്കുകയും അത് നേടുകയും ചെയ്യണം.
* മേരി ജോർജ് തോട്ടം
നല്ലരീതിയിൽ കുടുംബം നയിക്കുന്ന സ്ത്രീകൾക്ക് മാത്രമേ സമൂഹത്തിലും നല്ല മാതൃകകൾ സൃഷ്ടിക്കാനാകൂ. ഭർത്താവും മക്കളും ഭർത്താവിന്റെ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും സഹകരണവുമാണ് തനിക്ക് കാൽനൂറ്റാണ്ടുകാലം നഗരസഭയിൽ ജനപ്രതിനിധിയായും, സഹകരണ മേഖലയിലും സ്പോർട്സ് കൗൺസിലിലും വിവിധ സ്ഥാനങ്ങൾ വഹിക്കാനും തൊഴിൽ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാനും സാധിച്ചത്. സ്ത്രീ എവിടെയായാലും അവളുടെ ശക്തി തിരിച്ചറിഞ്ഞ് സ്വയം പ്രകടിപ്പിക്കാൻ ഓരോരുത്തരും സ്വയം തയ്യാറാകണം. തലമുറകൾക്കിടയിലെ ആശയവിനിമയത്തിന്റെ അഭാവമാണ് സാമൂഹ്യതിന്മകൾ വളരാൻ കാരണം.