jaint-whweel

ആലുവ: പ്രസിദ്ധമായ ശിവരാത്രി മേളയുടെ ശോഭനഷ്ടപ്പെടുത്തിയത് ആരെന്ന ചർച്ച ആലുവയിൽ സജീവം. ബലിതർപ്പണം പതിവുപോലെ നടന്നെങ്കിലും മണപ്പുറത്തെ ഒരു മാസത്തെ വ്യാപാരമേളയുടെയും വിനോദപരിപാടികളുടെയും താളം തെറ്റി.

വ്യാപാരമേളയിൽ സ്റ്റാളുകൾ കുറഞ്ഞു. നിർമ്മിച്ച സ്റ്റാളുകളിൽ പലതും കാലിയായിക്കിടക്കുന്നു.

റെെഡുകൾക്ക് പ്രവർത്തനാനുമതി ഇല്ലാത്തതിനാൽ ഇന്നലെയും പ്രവർത്തിച്ചില്ല. പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതാണ് കാരണം.

വർക്കലയിലെ ഫ്ളോട്ടിംഗ് പാലം തകർന്ന പശ്ചാത്തലത്തിൽ, അതിനേക്കാളേറെ അപകടസാധ്യതയുള്ള വിനോദപരിപാടികൾക്ക് ഇനി എൻ.ഒ.സി ലഭിക്കുക പ്രയാസമാണ്.

സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയാണ് ഷാ ഗ്രൂപ്പ് മണപ്പുറത്തെ വ്യാപാരമേളയുടെയും വിനോദപരിപാടികളുടെയും കരാറെടുത്തത്. പതിനൊന്നാം മണിക്കൂറിൽ റൈഡുകളുടെ സുരക്ഷ പരിശോധന പൂർത്തിയാക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്.

നഗരസഭ കരാർ നൽകിയ ഫൺ വേൾഡിനെ ഒഴിവാക്കി സുപ്രീംകോടതിയുടെ അന്തിമ ഉത്തരവുണ്ടായത് മാർച്ച് നാലിനാണ്. ഇതിനകം ഫൺവേൾഡ് മണപ്പുറത്ത് 90 ശതമാനം നിർമ്മാണവും പൂർത്തിയാക്കിയിരുന്നു. ഇവ നീക്കുന്നതിന് ആറാം തീയതി ഉച്ചയ്ക്ക് 12വരെ സമയവും അനുവദിച്ചു. അവശേഷിച്ച സമയത്തിനകം ഒരുക്കങ്ങൾ പൂർത്തീകരിക്കുകയെന്ന വലിയ ദൗത്യമാണ് ഷാ ഗ്രൂപ്പിനുണ്ടായത്. കെ.എസ്.ഇ.ബിയുടെയും ഫയർ ആൻഡ് സേഫ്ടിയുടെയും എൻ.ഒ.സി ലഭ്യമാക്കിയെങ്കിലും പി.ഡബ്ളിയു.ഡിയുടെത് ലഭിച്ചില്ല.

എടുത്തുചാട്ടം വിനയായി

നഗരസഭയുടെ എടുത്തുചാട്ടവും ടെൻഡറിൽ പങ്കെടുത്ത കരാറുകാരുടെ വാശിയും വിനയായി. നഗരസഭയുടെ നടപടികൾ ചൂണ്ടികാട്ടി ഫെബ്രുവരി നാലിന് കേരളകൗമുദി 'ശിവരാത്രി വ്യാപാരമേള നിയമക്കുരുക്കിലേക്ക്' എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ടെൻഡർ തുകയായ 1,16,0817 രൂപ നിശ്ചിത സമയത്ത് അടക്കാതിരുന്നതിനാൽ ഷാ ഗ്രൂപ്പിനെ ഒഴിവാക്കി രണ്ടാം സ്ഥാനക്കാരായ ഫൺവേൾഡിന് 77 ലക്ഷം രൂപക്ക് കരാർ ഉറപ്പിക്കുകയായിരുന്നു. ഒന്നാം സ്ഥാനക്കാർക്ക് ആവശ്യമായ സമയം അനുവദിക്കുകയോ റീ ടെൻഡർ വിളിക്കുകയോ ചെയ്തില്ല. ഒന്നം സ്ഥാനക്കാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ 50 ലക്ഷം കുറച്ച് കരാർ ഉറപ്പിച്ചത് അഴിമതിയാണെന്ന ആക്ഷേപവുമുണ്ടായി.

ഇതിനെതിരായ ഹർജിയിൽ 20നകം ഷാ ഗ്രൂപ്പിന് കരാർ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. 22ന് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തെങ്കിലും മാർച്ച് ഒന്നിന് സുപ്രീംകോടതിയിൽ നിന്നും ഷാ ഗ്രൂപ്പിന് അനകൂലവിധിയുണ്ടായി. ഇതിനെതിരായ അപ്പീൽ നാലാം തീയതി തള്ളി.