പെരുമ്പാവൂർ: നിരവധി വാഹനങ്ങളും കാൽനടയാത്രികരും സഞ്ചരിക്കുന്ന റോഡരികിൽ അപകടഭീഷണി ഉയർത്തുന്ന ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ആൽമരമുത്തശിയുടെ കൊമ്പുകൾ.
കുറുപ്പംപടി കൂട്ടിയ്ക്കൽ റോഡരികിൽ പാറകവലയ്ക്ക് സമീപത്തായി മുടക്കുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിനോടുചേർന്നാണ് വളരെ പഴക്കമുള്ള ആൽമരം അപകട ഭീഷണി ഉയർത്തുന്നത്. ചെറിയ കാറ്റോ മഴയോ വന്നാൽ ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മരക്കൊമ്പുകൾ. കഴിഞ്ഞ ആഗസ്റ്റിൽ റോഡിലേക്കു ചാഞ്ഞുനിന്ന ആൽമരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണിരുന്നു. കൊമ്പ് കൊണ്ട് സ്കൂട്ടർ യാത്രികന്റെ മുക്ക് മുറിഞ്ഞു. സ്കൂട്ടർ യാത്രികനെയും മകനെയും ഒടിഞ്ഞുവീണ മരക്കൊമ്പിനടിയിൽ നിന്നാണ് പുറത്തെടുത്തത്. തുടർന്ന്
അപകടഭീഷണി ഉയർത്തുന്ന മൂന്നു മരക്കൊമ്പുകൾ അടിയന്തരമായി വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ആറു മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഈസാഹചര്യത്തിൽ മരക്കൊമ്പുകൾ മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ കളക്ടർക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്.