കൊച്ചി: സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പുറത്തിറക്കിയ ആദ്യത്തെ ഇടയലേഖനം എറണാകുളം അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ഇന്നലെ വായിച്ചില്ല. സഭയിലെ പള്ളികളിലും സ്ഥാപനങ്ങളിലും മഠങ്ങളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നായിരുന്നു ഇടയലേഖനത്തിലെ ആവശ്യം. വായിച്ച പള്ളികളിൽ കുർബാനയെക്കുറിച്ചുള്ള ഭാഗം വൈദികർ ഒഴിവാക്കി.
328 പള്ളികളും സ്ഥാപനങ്ങളും കോൺവെന്റുകളുമുണ്ടെങ്കിലും 12 ഇടങ്ങളിൽ മാത്രമാണ് ഇടയലേഖനം വായിച്ചതെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗറ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു. ചുമതലയേറ്റ് രണ്ടുമാസം കഴിഞ്ഞിട്ടും അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും കേൾക്കാനോ കാണാനോ റാഫേൽ തട്ടിൽ തയ്യാറായിട്ടില്ല. അതിരൂപതയിലെ പള്ളികൾ പൂട്ടിക്കാൻ നടക്കുന്നവർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.