ആലങ്ങാട്: പെരിയാർവാലി വരാപ്പുഴ ബ്രാഞ്ച് കനാലിൽ അറ്റകുറ്റപ്പണിക്ക് തുടക്കം. ഒരാഴ്ചയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാക്കി വെള്ളം തുറന്നുവിടാനാണ് പെരിയാർവാലി അധികൃതരുടെ തീരുമാനം.

ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വേനൽക്കാലത്ത് ആശ്വാസം പകരുന്ന പദ്ധതിയാണിത്. പെരിയാർവാലി കനാലിലൂടെ മാസത്തിൽ രണ്ടുതവണ വെള്ളമെത്തുന്നതോടെ പ്രദേശത്ത് വരൾച്ച അനുഭവപ്പെടാറില്ല. പ്രത്യേകിച്ച് തിരുവാല്ലൂർ, കൊടുവഴങ്ങ, മുറിയാക്കൽ മേഖലകളിൽ. എന്നാൽ മൂന്നുവർഷത്തോളമായി കനാലിലൂടെ വെള്ളം തുറന്നുവിട്ടിട്ട്. ഇതു കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.

തിരുവാല്ലൂർ ചേർത്തനാട് ഭാഗത്ത് കനാൽ പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചതാണ് ജലവിതരണം അവതാളത്തിലാക്കിയത്. ഒറ്റത്തവണ വെള്ളം തുറന്നുവിട്ടപ്പോൾതന്നെ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതിനുശേഷം പ്രദേശത്ത് ജലമെത്തിയിട്ടില്ല.

പെരിയാർവാലി അധികൃതരുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് പൈപ്പുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഈ ആഴ്ചതന്നെ വെള്ളം തുറന്നുവിടാനാകുമെന്ന് പെരിയാർവാലി അസി.എൻജിനിയർ അറിയിച്ചു. രൂക്ഷമായ വരൾച്ച പരിഹരിക്കാൻ ഇടത്തോടുകളിൽ വെള്ളമെത്തണം. അതിനായി പുറപ്പിള്ളിക്കാവ് റഗുലേറ്ററിന്റെ ഷട്ടർ താഴ്ത്തിവച്ച് കൈവഴികളിലൂടെ വെള്ളമെത്തിക്കണമെന്ന് കർഷകസംഘം ആലങ്ങാട് ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ.ആർ. ബിജു ആവശ്യപ്പെട്ടു.