antony

കൊച്ചി: സ്ഥാനാർത്ഥി പ്രഖ്യപനത്തിലുൾപ്പെടെ ഒരു പടി മുന്നിൽ നിന്ന ട്വന്റി 20 പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിൽ ആദ്യ വട്ട പ്രചാരണം പൂർത്തിയാക്കി. ചാലക്കുടിയിലും എറണാകുളത്തും ആദ്യവട്ട പ്രചാരണം പൂർത്തിയാക്കി. ഏഴുദിവസം നീണ്ട റോഡ് ഷോ സമാപിച്ചതിന് പിന്നാലെ മണ്ഡലപര്യടനങ്ങളും പൊതുയോഗങ്ങളുമുൾപ്പെടെ രണ്ടാംഘട്ട പ്രചാരണങ്ങൾ അണിയറയിലെരുങ്ങി.

ചാലക്കുടിയിൽ അഡ്വ. ചാർളി പോൾ, എറണാകുളത്ത് അഡ്വ. ആന്റണി ജൂഡ് എന്നിവരാണ് സ്ഥാനാർത്ഥികൾ. ഈമാസം മൂന്നിനാരംഭിച്ച റോഡ്ഷോകൾ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോയി.

ട്വന്റി 20യുടെ ആസ്ഥാനമായ കിഴക്കമ്പലം ഉൾപ്പെട്ട ചാലക്കുടി മണ്ഡലത്തിൽ കുന്നത്തുനാട്ടിൽ ആരംഭിച്ച റോഡ്ഷോ കയ്‌പമംഗലത്താണ് സമാപിച്ചത്.

റോഡ് ഷോയ്‌ക്കൊപ്പം കുടുംബസംഗമങ്ങളും നടത്തി. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ജിബി ഏബ്രഹാം, ജില്ലാ കോ ഓർഡിനേറ്റർമാരായ സന്തോഷ് വർഗീസ്, റോയ് വി. ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ ജോസ് മാവേലി, അഡ്വ. ബേബി പോൾ, റോയ് ജോസഫ്, ഡോ. വർഗീസ് ജോർജ് എന്നിവർ നേതൃത്വം നൽകി.

എറണാകുളം സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡി കളമശേരിയിൽ നിന്നാരംഭിച്ച റോഡ്ഷോ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്ന് മറൈൻ ഡ്രൈവിൽ സമാപിച്ചു. ട്വന്റി 20 പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഗോപകുമാർ, ജില്ലാ കോ ഓർഡിനേറ്റർമാരായ ലീനാ സുഭാഷ്, സജി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ ഡോ. ടെറി തോമസ്, ഷൈനി ആന്റണി, ആനന്ദ് കൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.

''തദ്ദേശസ്ഥാപനങ്ങളിൽ അഴിമതിരഹിത സദ്ഭരണം കാഴ്ചവയ്ക്കുന്ന ട്വന്റി 20 പാർട്ടിയെ ജനങ്ങൾ സ്വാഭാവികമായും ഇത്തവണ പിന്തുണയ്ക്കും. കേരളത്തെ രക്ഷിക്കാൻ കൃത്യമായ നയങ്ങളുള്ള ഏക രാഷ്ട്രീയപാർട്ടി ട്വന്റി 20 പാർട്ടിയാണ്.""

അഡ്വ. ചാർളി പോൾ

''ജനങ്ങൾക്ക് വേണ്ടത് പൊള്ളയായ വാഗ്ദാനങ്ങളല്ല. ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ വികസനവുമാണ്. അത് നൽകാൻ കഴിവുള്ള പാർട്ടി ട്വന്റി 20യാണ്. റോഡ്‌ഷോയിൽ യുവാക്കളും മുതിർന്നവരും ഒരുപോലെ പിന്തുണയും സ്‌നേഹവായ്പും നൽകി.""

അഡ്വ. ആന്റണി ജൂഡി