ആലുവ: ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടാകുന്ന കുഴികൾ താത്കാലികമായി മൂടുന്നത് അപകടക്കെണിയാകുന്നു. പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ പാസ്‌പോർട്ട് ഓഫീസ്, എൽ.ഐ.സി, കാസിനോ തുടങ്ങിയ ഭാഗത്താണ് വാഹനയാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടത്.
പൈപ്പുപൊട്ടിയുണ്ടാകുന്ന കുഴികളിൽ മെറ്റലും അതിനു മുകളിൽ ടാറും ഇടുന്നുണ്ടെങ്കിലും ഉറപ്പിക്കാത്തതിനാർ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ വാഹനങ്ങൾ കയറി റോഡ് പഴയപടിയാകുന്നതായാണ് ആക്ഷേപം. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അടിയന്തരമായി കുഴികൾ നികത്തി റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.