കൊച്ചി: നഗരത്തിലെ ശുചിമുറി മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള നഗരസഭയുടെ മൈ കൊച്ചി ആപ്പ് നോക്കുകുത്തിയായെന്ന് യു.ഡി.എഫ് കൗൺസിലർമാരായ അഡ്വ. ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ പറഞ്ഞു.

നഗരത്തിൽ പൊതുസ്ഥലങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നത് തടയാൻ ആപ്പിന് കഴിയുന്നില്ല. മാലിന്യം സംസ്‌കരിക്കാൻ ആവശ്യത്തിന് എസ്.ടി.പി പ്ലാന്റുകൾ ഇല്ലാത്തതാണ് പ്രതിസന്ധി. ലൈസൻസുള്ള ടാങ്കറുകൾക്ക് ജി.പി.എസ് സംവിധാനങ്ങൾ ഉണ്ടെന്നാണ് അധികാരികൾ പറയുന്നതെങ്കിലും ഇതെല്ലാം പേപ്പറിൽ മാത്രമാണ്. പ്രശ്നം പരിഹരിക്കാൻ 10 എം.എൽ.ഡി ശേഷിയുള്ള പുതിയ എസ്.ഡി.പി അടിയന്തരമായി ബ്രഹ്മപുരത്ത് സ്ഥാപിക്കണം. മേയറും ജില്ലാ ഭരണകൂടവും പ്രശ്നത്തിൽ ഇടപെടണമെന്നും അവർ പറഞ്ഞു.