
റേസിംഗ് വാഹനങ്ങൾക്ക് ഇന്ധനം നൽകും മേക്ക് ഇൻ ഇന്ത്യക്ക് കരുത്ത് പകരും
കൊച്ചി: എഫ്.ഐ.എം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഇന്ധന പങ്കാളിയായി ഇന്ത്യൻ ഓയിൽ മാറും. 2024 മുതൽ 2026 വരെ മൂന്ന് വർഷത്തേക്കാണ് കരാർ. മൂന്നു വർഷം എഫ്.ഐ.എം സംഘടിപ്പിക്കുന്ന ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യൻ ഓയിൽ വികസിപ്പിച്ച കാറ്റഗറി 2 റേസിംഗ് ഇന്ധനമായ 'സ്റ്റോം' ഉപയോഗിക്കും.
ഇന്ത്യൻ ഓയിലിന്റെ ഗുജറാത്ത് റിഫൈനറിയിൽ ഉത്പ്പാദിപ്പിക്കുന്ന 'സ്റ്റോം', ഇന്ത്യൻ ഓയിലിന്റെ വൈവിദ്ധ്യമാർന്നതും സ്വീകാര്യവുമായ ഉത്പ്പന്ന ശ്രേണിയുടെ മികവാണ്.
അന്താരാഷ്ട്ര വിപണിയിൽ ശ്രദ്ധ നേടാൻ സഹായിക്കുന്ന 'സ്റ്റോമിന്റെ' വരവ് 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെ ശക്തിപ്പെടുത്തുന്ന സുപ്രധാന മുന്നേറ്റം കൂടിയാണ്. എഫ്.ഐ.എം അംഗീകരിച്ച സ്വിറ്റ്‌സർലൻഡിലെ എം/എസ് ഇന്റർടെക്കിന്റെ അംഗീകാരം, കർശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക ഇന്ധനങ്ങൾ ഉത്പ്പാദിപ്പിക്കുന്നതിൽ ഇന്ത്യൻ ഓയിലിന്റെ നൂതനത്വവും വൈദഗ്ദ്ധ്യവും ശ്രദ്ധേയമാണ്.
.................................
പങ്കാളിത്തം ആരംഭിക്കുന്നതോടെ ഇന്ത്യൻ ഓയിൽ അത്യാധുനിക 'സ്റ്റോം അൾട്ടിമേറ്റ് റേസിംഗ് ഫ്യൂവൽ' ഉപയോഗിച്ച് മോട്ടോർ സ്‌പോർട്ടിന്റെ അതിവേഗപാതകൾക്ക് ഇന്ധനം നൽകും.
കർശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക ഇന്ധനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള അശ്രാന്ത പരിശ്രമം ആഗോളതലത്തിൽ മേക്ക് ഇൻ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുന്നതിലും പങ്കുവഹിക്കും.
ശ്രീകാന്ത് മാധവ് വൈദ്യ,
ഇന്ത്യൻ ഓയിൽ ചെയർമാൻ
കടൽ കടന്ന് സ്‌റ്റോം
ഈമാസം 15 മുതൽ 17 വരെ തായ്‌ലൻഡിൽ നടക്കുന്ന മത്സരത്തിനുള്ള 'സ്റ്റോം' ഇന്ധനം കഴിഞ്ഞ ഫെബ്രുവരി 23ന് മുംബയിലെ നവഷേവ തുറമുഖത്ത് നിന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതകം വകുപ്പുമന്ത്രി ഹർദീപ് സിംഗ് പുരി ഫ്‌ളാഗ് ഒഫ് ചെയ്തിരുന്നു.
പ്രീമിയം ഇന്ധനങ്ങൾ വിതരണം ചെയ്യുന്നതിൽ അതിവിപുലമായ അനുഭവസമ്പത്തും വിദേശ രാജ്യങ്ങളിലെ ലൂബ്രിക്കന്റ് വിപണിയിൽ വിപുലമായ സാന്നിദ്ധ്യവും ഇന്ത്യൻ ഓയിലിനുണ്ട്. മോട്ടോർ സ്‌പോർട്സ് വിഭാഗത്തിലെ വിശ്വസനീയമായ ഇന്ധന പങ്കാളിയെന്ന നിലയിൽ സ്ഥാനം ഉയർത്തുന്നാണ് ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ പങ്കാളിത്തം. പുതുമ, മികവ്, മോട്ടോർ റേസിംഗോടുള്ള പങ്കാളിത്ത അഭിനിവേശം എന്നിവയാൽ ഊർജസ്വലമായ ആവേശകരമായ യാത്രയാണ് ഇന്ത്യൻ ഓയിലിന്റെ പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.