കിഴക്കമ്പലം: തടയണയുടെ പണി പൂർത്തിയായി. കുമ്മനോട്ടുകാർക്ക് കുടിവെള്ളം മുടങ്ങില്ല. കുമ്മനോട് പെരിയാർവാലി കനാലിലെ ഭൂഗർഭ തുരങ്കം കഴിഞ്ഞ ഒന്നിന് ഇടിഞ്ഞുവീണ് കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്, കിഴക്കെ കുമ്മനോട്. മുബാറക് നഗർ, ചൂരക്കോട് ഭാഗങ്ങളിലേക്കുള്ള കനാൽജല വിതരണം തടസപ്പെട്ടിരുന്നു. വെള്ളം മുടങ്ങി ഒരാഴ്ച പിന്നിട്ടതോടെ മേഖലയിലെ കിണറുകൾ വറ്റുന്ന സ്ഥിതിയും സംജാതമായി.

കഠിനമായ വേനലിൽ പെരിയാർവാലി കനാലിനെ മാത്രം ആശ്രയിച്ചാണ് മേഖലയിലെ കാർഷികരംഗത്തിന്റെ നിലനിൽപ്പ്. അതിനിടെ കാലപ്പഴക്കത്തിൽ കനാലിന് കുറുകെ മാന്ത്രയ്ക്കൽ ഭാഗത്തുള്ള ഭൂഗർഭ തുരങ്കം ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായി. എന്നാൽ താത്കാലിക തടയണ നിർമ്മിച്ച് കാർഷിക മേഖലയെ സംരക്ഷിക്കുമെന്ന് പെരിയാർവാലി ഉദ്യോഗസ്ഥർ അപകടദിവസം തന്നെ അറിയിച്ചിരുന്നു. പതിവ് വാഗ്ദാനം എന്നതിലപ്പുറം പെരിയാർവാലി അധികൃതരെ മുഖവിലയ്ക്കെടുക്കാൻ നാട്ടുകാർക്കായില്ല. പക്ഷേ, പതിവിന് വിപരീതമായി അപകടത്തിന്റെ പിറ്റേന്ന് മുതൽ പെരിയാർവാലി അധികൃതർ താത്കാലിക തടയണ നിർമ്മാണത്തിന് തുടക്കം കുറിച്ചു. മൂന്ന് ദിവസം കൊണ്ട് പണി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ അപകടസ്ഥലത്തിന് ഇരുവശത്തുമുള്ള ഷട്ടറുകൾ തുറന്നു. തടയണ സുരക്ഷിതമെന്ന് ബോദ്ധ്യമായാൽ പൂർണതോതിൽ വെള്ളം തുറന്നുവിടാനാണ് തീരുമാനം. ഇന്നു മുതൽ പതിവ് നീരൊഴുക്ക് ലഭ്യമാകും. അപകടദിവസം വെള്ളം കുത്തിയാെലിച്ച് സമീപത്തെ തൃക്ക പാടശേഖരത്തേയ്ക്ക് ഒഴുകുന്നതിനിടെ കനാൽ ബണ്ട് റോഡും ഭാഗികമായി തകർന്നിരുന്നു. ഭൂഗർഭ തുരങ്കം അറ്റകുറ്റപ്പണി പൂർത്തിയാക്കി റോഡ് പഴയ പടിയാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻകൂടിയാണ് താത്കാലിക തടയണ നിർമ്മിച്ചത്.