കൊച്ചി: തേവര എസ്.എച്ച് കോളേജിലെ എം.എസ്‌സി വിദ്യാർത്ഥികളിൽനിന്ന് ഒന്നരലക്ഷത്തിലധികം രൂപ വാങ്ങിയശേഷം വിനോദയാത്ര കുളമാക്കിയ ട്രാവൽസ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തിയിൽ ട്രാവൽസ് സ്ഥാപനം നടത്തുന്ന 30കാരനെതിരെയാണ് പരാതി.

ജനുവരി 22ന് മാംഗളൂർ, ചിക്കമംഗളൂർ, ഗോകർണം എന്നിവിടങ്ങളിലേക്ക് പോകാനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചത്. ടൂർ പാക്കേജ് ഉറപ്പാക്കിയ 30കാരൻ 1,69,700 രൂപ മുൻകൂറായി കൈപ്പറ്റി. എന്നാൽ ടിക്കറ്റ്‌പോലും ബുക്ക് ചെയ്യാതിരുന്നതിനാൽ നിശ്ചയിച്ച ദിവസം യാത്രമുടങ്ങുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പലപല കാരണങ്ങൾ പറഞ്ഞ് തടിയൂരാനുള്ള ശ്രമമാണ് ഇയാൾ നടത്തിയിരുന്നത്. ഒടുവിൽ വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവ് ഇക്കാര്യങ്ങൾകാട്ടി സൗത്ത് പൊലീസിൽ പരാതിനൽകി. ഇന്നലെ വൈകിട്ടാണ് 30കാരനെ കസ്റ്റഡിയിൽ എടുത്തത്. രാത്രി വൈകിയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.