p

കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ.വി.എ. അരുൺ കുമാറിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതലയിൽ നിന്ന് നീക്കണമെന്നും മതിയായ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഐ.എച്ച്.ആർ.ഡി പ്രൊഫസറും സാങ്കേതിക സർവകലാശാലാ ഡീനുമായ ഡോ. വിനു തോമസാണ് ഹർജിക്കാരൻ.

അരുൺകുമാറിനെ ഡയറക്ടറാക്കാനായി ചട്ടങ്ങൾ അനധികൃതമായി ഭേദഗതി ചെയ്തെന്നാണ് ആരോപണം. അദ്ധ്യാപനപരിചയത്തിന് പകരം അഡിഷണൽ ഡയറക്ടറായി പ്രവൃത്തിപരിചയമുണ്ടെങ്കിലും ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നാണ് ഭേദഗതി. ഇത് അരുൺകുമാറിനെ സഹായിക്കാനാണെന്നും സ്പെഷ്യൽ റൂൾസിനും എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും ഡോ. വിനു വാദിക്കുന്നു.

യോഗ്യത ഭേദഗതി ചെയ്യാൻ ഭരണസമിതിക്ക് പകരം നിർവാഹക സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇതും നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.സംസ്ഥാന സർക്കാർ, ഐ.എച്ച്.ആർ.ഡി, എ.ഐ.സി.ടി.ഇ തുടങ്ങിയ എതിർകക്ഷികളോട് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ബെഞ്ച് വിശദീകരണം തേടി.

അന്ന് അദ്ധ്യാപകർക്ക് മുൻഗണന

# എൻജിനീയറിംഗ് ബിരുദാനന്തര ബിരുദത്തിനൊപ്പം 15 വർഷത്തെ അദ്ധ്യാപന പരിചയം. ഇതിൽ മൂന്നുവർഷം പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രൊഫസർ സ്ഥാനത്തുള്ള ഭരണപരിചയം, അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദാനന്തര ബിരുദത്തിനൊപ്പം 10 വർഷത്തെ അദ്ധ്യാപന പരിചയവും അഞ്ചുവർഷം അതത് മേഖലയിലെ ജോലി പരിചയവും. ഇതുമല്ലെങ്കിൽ കേന്ദ്ര സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ. ഇതായിരുന്നു ഐ.എച്ച്.ആർ.ഡി ഡയറക്ടർ ആകാൻ നേരത്തെയുള്ള യോഗ്യതകൾ.

# 2023 ഡിസംബർ 13 ന് യോഗ്യത ഭേദഗതി ചെയ്തുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഏഴുവർഷം അഡിഷണൽ ഡയറക്ടർ അല്ലെങ്കിൽ പ്രിൻസിപ്പൽ സ്ഥാനത്തുള്ള പ്രവൃത്തിപരിചയം മതി എന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി.