കൊച്ചി: വേലിയിറക്ക സമയങ്ങളിൽ ജെട്ടിക്ക് സമീപം വെള്ളം വലിയ തോതിൽ കുറയുന്നതിനാൽ കൊച്ചി കായലിലെ ജെട്ടിയിൽ ബോട്ട് അടുപ്പിക്കാനാവുന്നില്ല. രണ്ടാഴ്ച്ചയായി അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി മൂലം  10 മുതൽ 15 മിനിറ്റ് വരെ ഓരോ ബോട്ടും വൈകുകയാണ്.
ബോട്ട് വൈകുന്നതുമൂലം കൃത്യസമയത്ത് ഓഫീസിലും സ്കൂളുകളിലും എത്താൻ സാധിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. വെള്ളം വറ്റി അടിത്തട്ട് വരെ കാണാവുന്ന അവസ്ഥയിലാണിപ്പോൾ. വെള്ളമില്ലാത്തതിനാൽ വളരെ സൂക്ഷിച്ച് വേണം ബോട്ട് അടുപ്പിക്കാൻ. വെള്ളമുള്ള സ്ഥലത്ത് നിറുത്തി സാവധാനം അടുപ്പിക്കാനെ പറ്റു. ഫോർട്ട്കൊച്ചിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന ബോട്ടിന് 15 മിനിറ്റ് ആളെയിറക്കാൻ മാത്രം വേണ്ടി വരും. സാവധാനം ബോട്ട് അടുപ്പിച്ചില്ലെങ്കിൽ ബോട്ടിന്റെ പ്രൊപ്പല്ലർ ഒടിയാൻ സാദ്ധ്യതയുണ്ടത്രെ. മഴക്കാലം തുടങ്ങുന്നതുവരെ ഈ സാഹചര്യം നിലനിൽക്കുമെന്ന് പറയുന്നു.
ഡ്രഡ്ജ് ചെയ്യും
വെള്ളം തീരെയില്ലാത്തതിനാൽ ഈ സ്ഥലത്ത് ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടാൻ ഇറിഗേഷൻ വകുപ്പിനോട് ജലഗതാഗാത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ട് അടുക്കുന്ന ഏതൊക്കെ സ്ഥലത്ത് വെള്ളം ഇല്ലാത്തതെന്ന് കണ്ടെത്തി നൽകാൻ ഇറിഗേഷൻ വകുപ്പ് അറിയിച്ചിരുന്നു. ആഴംകൂട്ടുന്ന പ്രവർത്തനം അധികം താമസിക്കാതെ ആരംഭിക്കും.
പൊല്ലാപ്പായി മാലിന്യവും
വെള്ളം കുറയുന്നതിനാൽ ബോട്ടിന്റെ പ്രൊപ്പല്ലറിലും റഡാറിലും പ്ലാസ്റ്റിക്, തുണി, ചപ്പുചവറുകൾ എന്നിവ ചുറ്റിപ്പിടിക്കുന്നത് പതിവാണ്. പ്രൊപ്പല്ലറിൽ ഇത് അധികമായി ചുറ്റിപ്പിടിക്കുമ്പോൾ ഇത് അനങ്ങാതെ ബോട്ട് നിന്നുപോകും. കഴിഞ്ഞദിവസം ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഇത്തരത്തിൽ ബോട്ട് നിന്നുപോയിരുന്നു. അര മണിക്കൂർ സമയമെടുത്താണ് സാരി അടക്കമുള്ളവ പ്രൊപ്പല്ലറിൽ നിന്ന് അഴിച്ചെടുത്തത്.
................................
എല്ലാക്കാലത്തും വെള്ളം കുറയാറുണ്ടെങ്കിലും ഇത്തവണ വേലിയിറക്കം അതിരൂക്ഷമാണ്. ഒരുമീറ്റർ വരെ വെള്ളം താഴുന്നുണ്ട്.
ജലഗതാഗത വകുപ്പ് അധികൃതർ
............................
കായൽ സർവീസ്
ആകെ ബോട്ടുകൾ- 9
ഫോർട്ട് കൊച്ചി ഭാഗത്തേക്ക്- 4