padam

കൊച്ചി: സുരക്ഷയൊരുക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ രാജ്യത്ത് മുന്നിൽ. പ്രവർത്തനം തുടങ്ങി അഞ്ചുവർഷം പിന്നിടുമ്പോൾ രജിസ്റ്റർ ചെയ്ത കേസുകൾ വെറും 49 എണ്ണം മാത്രം! ഡൽഹി, മുംബയ്, ബംഗളൂരു മെട്രോയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രതിവർഷം ശരാശരി 50നും മേലെയാണ്.

2019 ഫെബ്രുവരി 18നായിരുന്നു കളമശേരിയിൽ മെട്രോ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. അന്നുതന്നെ ആദ്യ കേസുമെടുത്തു. ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. മെട്രോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. രക്തംപുരണ്ട കത്തി പരിശോധനയിൽ കണ്ടെത്തിയതാണ് പ്രതികളെ കുടുക്കിയത്. ആവർഷമായിരുന്നു മെട്രോ പൊലീസിന്റെ ചരിത്രത്തിൽ എറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 23 കേസുകൾ.

മെട്രോ പൊലീസെടുത്തിട്ടുള്ള കേസുകളിൽ അധികവും സാധനങ്ങൾ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ളവയാണ്. ഓരോ പോക്സോ, ലഹരിക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെട്രോസ്റ്റേഷൻ പരിസരത്തുവച്ച് ആലപ്പുഴ സ്വദേശിയുടെ കൈയിൽനിന്ന് 22 ഗ്രാം എം.ഡി.എം.എ പിടികൂടിയതായിരുന്നു കേസ്.

രണ്ട് ടീം ; പരിശോധന രണ്ട്

സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മെട്രോ പൊലീസ് പറയുന്നു. രണ്ട് ടീമായി തിരിഞ്ഞാണ് പരിശോധന. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 2 വരെയാണ് ആദ്യ സംഘത്തിന്റെ ഡ്യൂട്ടി. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഇവരെത്തും. ഉച്ചയ്ക്ക് രണ്ട് മുതൽ തുടങ്ങുന്ന രണ്ടാംടീമിന്റെ നിരീഷണം രാത്രി 11വരെ ഉണ്ടാകും. മെട്രോ എസ്.എച്ച്.ഒയ്ക്കാണ് മേൽനോട്ടം.

• 19

ഒരു എസ്.എച്ച്.ഒയടക്കം 27 പൊലീസുകാരാണ് മെട്രോ സ്റ്റേഷനിലുള്ളത്. മൂന്ന് എസ്.ഐമാർ. ഇതിൽ ഒരാൾ വനിതയാണ്. എ.എസ്.ഐമാരുടെ എണ്ണവും മൂന്ന്. സി.പി.ഒമാർ 12.

വർഷം : കേസുകൾ

2019: 23
2020: 5
2021: 7
2022: 8
2023: 6

മെട്രോയിൽ യാത്രചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഉത്തമബോദ്ധ്യമുണ്ട്. കേസ് കുറയാൻ പ്രധാനകാരണം ഇതാണ്. പൊലീസ് സുരക്ഷയും കർശനമാണ്.

കെ.എൻ. മനോജ്,

എസ്.എച്ച്.ഒ,

മെട്രോ പൊലീസ്.

അതീവസുരക്ഷാ സംവിധാനമാണ് കൊച്ചി മെട്രോയ്ക്കുള്ളത്. കുറ്റകൃത്യങ്ങൾ കുറയാൻ ഇത് കാരണമാണ്.

ലോക്‌നാഥ് ബെഹ്‌റ,

എം.ഡി കൊച്ചി മെട്രോ