manal
പെരിയാറിൽ നിന്നും മണൽ വാരുന്നവ

ജില്ലയിലെ രണ്ട് നദികളിൽ നിന്ന്
എടുക്കാവുന്നത് 38250 മെട്രിക് ടൺ മണൽ

കൊച്ചി: സംസ്ഥാനത്ത് പുഴമണൽ ഖനനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എറണാകുളത്തെ രണ്ട് പ്രധാന നദികളിൽ നിന്ന് 38,250 മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്ന് ജില്ലാ സർവേ ഡിപ്പാർട്ടുമെന്റിന്റെ പഠന റിപ്പോർട്ട്.

സംസ്ഥാനത്തെ 32 നദികൾ മണൽഖനനത്തിന് യോഗ്യമാണെന്ന സാന്റ് ഓഡിറ്റിംഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പെരിയാറും മൂവാറ്റുപുഴയാറും പഠനവിധേയമാക്കിയത്. പത്ത് വർഷത്തിന് ശേഷമാണ് സംസ്ഥാനത്തെ നദികളിൽനിന്ന് മണൽഖനനം പുനരനാരംഭിക്കുന്നത്. ഇടുക്കിയിലെ ശിവഗിരി കുന്നിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ നദിയുടെ 14.32 കിലോ മീറ്ററും കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയുടെ കിഴക്കൻ ചെരുവിൽ നിന്ന് ഉത്ഭവിക്കുന്ന മൂവാറ്റുപുഴ ആറിന്റെ 7.32 കിലോ മീറ്ററും എറണാകുളം ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ട് നദികളിലുമായി 7 കടവുകളാണ് മണൽഖനനത്തിന് അനുയോജ്യമെന്ന് സർവേ ഡിപ്പാർട്ടുമെന്റ് കണ്ടെത്തിയിട്ടുള്ളത്.

പെരിയാർ നദിയിൽ കുട്ടമ്പുഴ- കവളങ്ങാട്, വേങ്ങൂർ, മലയാറ്റൂർ- നീലീശ്വരം (2), ഒക്കൽ, മൂവാറ്റുപുഴയാറിലെ വാളകം, പിറവം എന്നിവയാണ് നിർദ്ദിഷ്ട കടവുകൾ. ഓരോ കടവിലുമുള്ള മൊത്തം മണൽ നിക്ഷേപവും അതിൽ നിന്ന് ഖനനം ചെയ്യാവുന്ന മണലിന്റെ അളവും നിശ്ചയിച്ചിട്ടുണ്ട്.

ഖനനാനുമതി നൽകുന്ന പ്രദേശം കൃത്യമായി മാർക്ക് ചെയ്ത് അതിരടയാളം സ്ഥാപിക്കും. അതിനുപുറത്ത് ഒരിടത്തും മണൽ വാരാൻ അനുവദിക്കില്ല. അതുപോലെ ഖനനം ചെയ്യുന്ന മണൽ കടവിൽ നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്.

ജില്ല കളക്ടറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് റിപ്പോട്ടിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് അന്തിമറിപ്പോർട്ട് തയ്യാറാക്കിയശേഷം ഖനനം ആരംഭിക്കും.

മാർഗ നി​ർദ്ദേശങ്ങൾ

ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ മണൽനീക്കം അനുവദിക്കൂ

പുലർച്ചെ 7നും വൈകിട്ട് 4നും ശേഷം മണൽ നീക്കം ചെയ്യാൻ അനുവദിക്കില്ല

കടത്ത് വാഹനങ്ങൾ രാത്രിയിൽ കടവിൽ പാർക്ക് ചെയ്യാനും പാടില്ല

റിപ്പോർട്ടിൽ പരമാർശിച്ചിട്ടുള്ള ശബ്ദ, പരിസ്ഥിതി, ജല മലനീകരണം തടയുന്നതിനുള്ള ശാസ്ത്രീയ പ്രതിവിധികൾ പാലി​ക്കുക

 മണലിന്റെ സ്ഥിതിവിവരം

(കടവ്, ആകെ മണൽ നിക്ഷേപം, ഖനനംചെയ്യാവുന്ന മണൽ)

1. വാളകം..........2200 ഘനമീറ്റർ,................ 290 ഘനമീറ്റർ ( 435 മെ.ടൺ)

2. പിറവം........... 8130 ,, 130....................(195 ,,)

3. കുട്ടമ്പുഴ -കവളങ്ങാട് 23180...................13126............. (19680 ,,)

4. വേങ്ങൂർ..............22930..............................4430.................(6645 ,,)

5. മലയാറ്റൂ‌ർ- നീലീശ്വരം (1)......2660..................750..............(1125 ,,)

6. മലയാറ്റൂർ - നീലീശ്വരം (2)........... 17440............6220.........( 9330 ,,)

7. ഒക്കൽ .......................5650....................560..................(840 ,,)

 ആകെ

കടവ് .....................................7

മൊത്തംമണൽ നിക്ഷേപം........82190 ഘനമീറ്റർ

ഖനനം ചെയ്യാവുന്നത്..............25500 ഘനമീറ്റർ (38250 മെ.ടൺ)