thripunithura

തൃപ്പൂണിത്തുറ: രാജനഗരിയെന്ന ലേബലുണ്ടെങ്കിലും വികസനകാര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന തൃപ്പൂണിത്തുറയുടെ ശാപം യാത്രാക്ലേശമാണ്. പൊതുവഴിയുമായി കണക്ടിവിറ്റി ഇല്ലാത്ത ഏക മെട്രോസ്റ്റേഷൻ തൃപ്പൂണിത്തുറ ടെർമിനലാണ്. മികച്ച ആശുപത്രികൾ ഇല്ല. എയിംസ് മദ്ധ്യകേരളത്തിൽ വരികയാണെങ്കിൽ അതിന് ഉതകുന്ന ഏറ്റവും നല്ലസ്ഥലം തൃപ്പൂണിത്തുറയാണ്.

അങ്കമാലി-കുണ്ടന്നൂർ കൊച്ചി ബൈപ്പാസ്

സർക്കാർ തീരുമാനം വൈകുന്നതിനാൽ ദേശീയപാത വികസന അതോറിറ്റി (എൻ.എച്ച്.എ.ഐ) മരവിപ്പിച്ച കരിയാട് - നെട്ടൂർ ബൈപ്പാസ് സൂപ്പ ഹൈവേ പദ്ധതിക്ക് പുനർജീവനേകാൻ എറണാകുളം എം.പിക്ക് കഴിയും.

അങ്കമാലിക്കുസമീപം കരയാമ്പറമ്പുനിന്ന് ആരംഭിച്ച് 47.4 കിലോമീറ്ററിൽ കുണ്ടന്നൂരിനടുത്ത് നെട്ടൂരിൽ എത്തിച്ചേരുന്ന വിധമാണ് പാതനിർമ്മിക്കുക. പുത്തൻകുരിശിനുസമീപം ഒന്നാകുന്ന പുതിയ ബൈപ്പാസും കൊച്ചി - തേനി പാതയും ഒരൊറ്റ റോഡായി തിരുവാങ്കുളം ജംഗ്ഷന്റെയും തൃപ്പൂണിത്തുറയുടെയും തെക്കുഭാഗത്തുകൂടിനീങ്ങി നെട്ടൂരിൽ എത്തിച്ചേരും. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതയായ ഇടപ്പള്ളി-അരൂർ എൻ.എച്ച് ബൈപ്പാസ്, ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 കോറിഡോർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് കൊച്ചി ബൈപ്പാസ് നിർണായക പങ്ക് വഹിക്കും.

കൊച്ചി - തേനി ദേശീയപാത

കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലെ തേനിവരെ ആറുവരി ഗതാഗതം സാദ്ധ്യമാക്കാനായി ഒട്ടേറെ കൊടുംവളവുകളും കയറ്റങ്ങളുമുള്ള മൂന്നാർറൂട്ട് ഒഴിവാക്കി കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേയ്ക്ക് നിർമ്മിക്കുന്ന 151 കിലോമീറ്റർ ദേശീയപാത കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. കുണ്ടന്നൂർ ജംഗ്ഷന്റെ തെക്കുഭാഗത്ത് നിർമ്മിക്കുന്ന ഫ്ലൈഓവർ വഴിയായിരിക്കും പുതിയ ദേശീയപാത ആരംഭിക്കുക. ഇവിടെനിന്ന് നിർദ്ദിഷ്ട കുണ്ടന്നൂർ - അങ്കമാലി ബൈപ്പാസിലൂടെ സഞ്ചരിച്ച് പുത്തൻകുരിശിനുസമീപം കിഴക്കോട്ടു തിരിഞ്ഞ് മൂവാറ്റുപുഴ, നെടുങ്കണ്ടം മേഖലകളിലൂടെ ദേശീയപാത കടന്നുപോകും. പുതിയപാത യാഥാർത്ഥ്യമാകുന്നതോടെ മൂന്നാർവഴിയുള്ള ദേശീയപാത 85ലെ തിരക്ക് ഗണ്യമായി കുറക്കാനാകും. കൊച്ചി തുറമുഖത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കുള്ള ചരക്കുനീക്കത്തിനും ദീർഘദൂര യാത്രക്കാർക്കും പുതിയപാത ഏറെ പ്രയോജനം ചെയ്യും.

ഈ രണ്ടു ദേശീയപാതയും യാഥാർത്ഥ്യമായാൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നിലവിലെ യാത്രാക്ളേശത്തിന് അറുതിവരുമെന്ന് പ്രതീക്ഷിക്കാം. വി.സി. ജയേന്ദ്രൻ, കൺവീനർ, ട്രൂറ

റെയിൽവേ സ്റ്റേഷൻ നവീകരണം

പ്രതിമാസം ഒരുകോടി മുപ്പതു ലക്ഷത്തിലേറെ വരുമാനവും ഒരുലക്ഷത്തിലേറെ യാത്രക്കാരുമുള്ള തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ എറണാകുളത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനാകുമെന്ന പ്രതീക്ഷ ഇപ്പോഴും അകലെ. ഏറെ അവഗണിക്കപ്പെട്ടുകിടന്ന സ്റ്റേഷനിൽ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ചെങ്കിലും ഏകദേശം 3.5 കോടി രൂപയുടെ പ്രോജക്റ്റാണ് ആരംഭിച്ചത്. റെയിൽവേ സ്റ്റേഷന് മുമ്പിൽ മെട്രോടെർമിനൽ സ്റ്റേഷൻ എത്തിയതോടെ യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. പ്ലാറ്റ്ഫോമിൽ പൂർണമായി മേൽക്കൂരയോ യാത്രക്കാർക്ക് ആവശ്യത്തിന് വിശ്രമമുറിയോ ശൗചാലയങ്ങളോ ലിഫ്റ്റുകളോ ഇല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷൻ തൃപ്പൂണിത്തുറയ്ക്ക് സാദ്ധ്യമാകണം.

കേന്ദ്രീയ വിദ്യാലയം വേണം

ജില്ലയിലെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെയും തൃപ്പൂണിത്തുറ മേഖലയിലാണ്. തൃപ്പൂണിത്തുറയിൽ കേന്ദ്രീയ വിദ്യാലയം അനിവാര്യമാണ്.