പറവൂർ: പറവൂർ സബ്ട്രഷറി നഗരത്തിലെ പഴയ റെസ്റ്റ് ഹൗസിൽ പ്രവർത്തനം ആരംഭിച്ചു. കച്ചേരി മൈതാനിയിലെ ട്രഷറി കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായതോടെ ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് നായരമ്പലത്തെ സബ് ട്രഷറി ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയത്. നഗരത്തിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയുള്ള നായരമ്പലംവരെ പെൻഷൻ വാങ്ങാനും മറ്റും പോകേണ്ടിവരുന്ന അവസ്ഥ സംജാതമായതോടെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് സബ് ട്രഷറിക്കായി പഴയ റെസ്റ്റ്ഹൗസ് പരിഗണിച്ചത്. പുതിയ മന്ദിരം നിർമ്മിക്കുന്നതുവരെ സബ് ട്രഷറി ഇവിടെ പ്രവർത്തിക്കും. കച്ചേരി മൈതാനിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലെ ഭൂമി ട്രഷറി വകുപ്പിന് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒരു വർഷത്തിനകം പുതിയ ട്രഷറി മന്ദിരം യാഥാർത്ഥ്യമാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. സബ്ട്രഷറിയുടെ പ്രവർത്തനം ജില്ലാട്രഷറി ഓഫീസർ രാജിവ് ഉദ്ഘാടനം ചെയ്തു. പറവൂർ ട്രഷറി ഓഫീസർ ടിറ്റോ പോൾ, ടി.വി.നിഥിൻ, കെ.വി. മുരളി തുടങ്ങിയവർ സംസാരിച്ചു.