
ആലുവ: ആലുവയുടെ സമഗ്രവികസനത്തിനായി കേന്ദ്രത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് നിരവധി പദ്ധതികൾക്കാണ്. ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേ, ആലുവ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടം എന്നിവയാണ് ഇതിൽ പ്രധാനം. ആലുവ മാർക്കറ്റ് സമുച്ചയത്തിനായി 50 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും അനുവദിച്ച 17 കോടി രൂപയിൽ ദേശം വല്ലംകടവ് റോഡിന്റെ നവീകരണവും പ്രധാനമന്ത്രി സഡക്ക് യോജനയിൽ നിന്നും അനുവദിച്ച 7.16 കോടി രൂപയിൽ എടത്തലയിലെ ഗ്രാമീണഹൈവേ നിർമ്മാണവും പുരോഗമിക്കുന്നു.
പ്രധാനം എലിവേറ്റഡ് ഹൈവേ
ദേശീയപാതയിൽ പുളിഞ്ചോട് മുതൽ മംഗലപ്പുഴ പാലം വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എലിവേറ്റ് ഹൈവേ അനിവാര്യമാണ്. അല്ലെങ്കിൽ മാർത്താണ്ഡവർമ്മ പാലങ്ങൾക്ക് സമാന്തരമായി മൂന്നാമതൊരു പാലം നിർമ്മിക്കേണ്ടിവരും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശപ്രകാരം ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധുവും സംഘവും സ്ഥലം സന്ദർശിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
ട്രെയിനുകൾക്കെല്ലാം സ്റ്റോപ്പ് വേണം, സ്റ്റേഷന് പടിഞ്ഞാറൻ കവാടവും.
വരുമാനത്തിൽ മുന്നിലായിട്ടും മലയോര ജില്ലയുടെ ബോർഡിംഗ് സ്റ്റേഷനായിട്ടും ആലുവ സ്റ്റേഷനോട് റെയിൽവേയ്ക്ക് കടുത്ത അവഗണന മാത്രം. . ഒരുകാലത്ത് രാജധാനി ഒഴികെയുള്ള മുഴുവൻ ട്രെയിനുകൾക്കും ആലുവയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. നിലവിൽ പല പ്രധാന ട്രെയിനുകൾക്കൊന്നും ഇവിടെ സ്റ്റോപ്പില്ല.
സ്റ്റേഷന് പടിഞ്ഞാറൻ കവാടമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കം. ഇത് യാഥാർത്ഥ്യമായാൽ ബൈപ്പാസ് ഭാഗത്ത് നിന്നുള്ളവർക്ക് നഗരത്തിലെ തിരക്കൊഴിവാക്കി സ്റ്റേഷനിലെത്താം.
മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് അംഗീകാരം
*മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണ ചെലവ് 50 കോടി
*അനുമതി ലഭിച്ചത് കേന്ദ്ര ഫിഷറീസ് വകുപ്പിൽ നിന്ന്
*കേന്ദ്രവിഹിതം 30 കോടി, സംസ്ഥാന വിഹിതം 15 കോടി, നഗരസഭാ വിഹിതം 5കോടി
*നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിൽ നിർമ്മാണം
* റസ്റ്റോറന്റും സൂപ്പർമാർക്കറ്റും കൂടാതെ 88 ഷോപ്പുകളും
*ട്രാൻസ്‌ജെൻഡേഴ്‌സിനും ശാരീരിക പരിമിതിയുള്ളവർക്കും പ്രത്യേക ടോയ് ലെറ്റുകളും, ലിഫ്റ്റും എസ്‌കലേറ്ററും
*പുതുജീവനായായത് 10 വർഷത്തോളം കാത്തിരുന്ന പദ്ധതിക്ക്
പുരോഗമിക്കുന്ന റോഡ് നിർമാണങ്ങൾ
*ദേശം വല്ലംകടവ് റോഡിന്റെ ടാറിങ് ബി.എം.ബി.സി നിലവാരത്തിൽ
(സെൻട്രൽ റോഡ്‌സ് ഫണ്ടിൽ നിന്ന് 17 കോടി രൂപ)
* തേവയ്ക്കൽ –കുഞ്ചാട്ടുകര വാഴക്കുളം ഗ്രാമീണ ഹൈവേക്ക് 7.16 കോടി രൂപയുടെ നവീകരണം
* പി.എം.ജി.എസ് പദ്ധതിയിൽ ശ്രീമൂലനഗരം തൃക്കണിക്കാവ് റോഡ് ടാറിംഗ്