പറവൂർ: ഏഴിക്കരയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൽ ക്രമക്കേടും സ്വജനപക്ഷപാതവും ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് കട്ടിൽ ലഭിക്കാത്തതാണ് യോഗത്തിൽ പ്രശ്നങ്ങൾക്ക് വഴിവച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മുൻഗണനാക്രമം പാലിക്കാതെ കട്ടിൽ നൽകിയെന്ന് എൽ.ഡി.എഫ് അംഗങ്ങളായ എം.ബി. ചന്ദ്രബോസ്, എൻ.ആർ. സുധാകരൻ എന്നിവർ ആരോപിച്ചു. തുടർന്ന് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നടപടിക്രമം കൃത്യമായി പാലിച്ചാണ് കട്ടിൽ നൽകിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.