 
കൊച്ചി: അഭിമന്യു കൊലക്കേസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. ജില്ലാ കോടതികളുടെ മേൽനോട്ട ചുമതലയുള്ള രജിസ്ട്രാർക്കാണ് ലോയേഴ്‌സ് യൂണിയൻ പരാതി സമർപ്പിച്ചത്. കേസിലെ രേഖകൾ കാണാതായതിന് കാരണക്കാരെ ശിക്ഷിക്കുന്നതിനൊപ്പം വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. രണ്ടായിരത്തി പതിനെട്ട് ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജ് വിദ്യാർത്ഥി ആയിരുന്ന അഭിമന്യു കൊല്ലപ്പെടുന്നത്. ആ വർഷം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു.