കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹമരണക്കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഷാജി വർഗീസ് രംഗത്ത്. സംഭവം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും കേസന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്ന് ഷാജി വർഗീസ് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2017 മാർച്ച് 5നാണ് പിറവം മുളക്കുളം സ്വദേശിനിയായ മിഷേൽ ഷാജിയെ കാണാതായത്. സർക്കാരിന്റെ കൈകൾ ശുദ്ധമാണെങ്കിൽ കേസിന്റെ തുടരന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ഷാജി പറഞ്ഞു. സംഭവത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ അനന്തലാൽ അടക്കമുള്ളവർക്ക് വീഴ്ചകൾ സംഭവിച്ചു. പരാതി നൽകിയപ്പോൾത്തന്നെ മൊബൈൽടവർ ലൊക്കേഷനെടുക്കാൻ നിർദ്ദേശിച്ചില്ല.

എഫ്.ഐ.ആറിൽ പൊലീസ് മാർച്ച് 6 എന്നാണ് രേഖപ്പെടുത്തിയത്. മരണവുമായി ബന്ധപ്പെട്ടു തങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് ഒരിക്കൽപ്പോലും വ്യക്തമായ മറുപടി പൊലീസിൽനിന്ന് ലഭിച്ചില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുംമുന്നേ ആത്മഹത്യയാണെന്ന് സ്ഥാപിക്കുകയാണുണ്ടായത്. തങ്ങളെ കാണാൻപോലും സി.ഐ കൂട്ടാക്കിയില്ല. പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ സി.ഐ പെൺകുട്ടി ഗോശ്രീ ഒന്നാംപാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിച്ചു.

ഒന്നാംപാലത്തിൽ നിന്ന് ചാടിയാൽ ചെളിയിൽ പൂണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ രണ്ടാംപാലത്തിൽനിന്ന് ചാടിയെന്ന് വാർത്തനൽകി. ജനറൽ ആശുപത്രിയിൽ നിശ്ചയിച്ച പോസ്റ്റ്‌മോർട്ടം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണ്. മിഷേലിനെ ബൈക്കിൽ പിന്തുടർന്നവരെക്കുറിച്ച് യാതൊരന്വേഷണവും നടന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലാത്തതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. മിഷേലിന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാജി വർഗീസ് ആവശ്യപ്പെട്ടു. ഷാജിക്കൊപ്പം അനൂപ് ജേക്കബ് എം.എൽ.എയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.