കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തൊഴിലധിഷ്ഠിത കോഴ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പരാതി. ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു- ജി.കെ.വൈ) പ്രകാരം കുടുംബശ്രീമിഷന്റെ മൂന്നുമാസ സൗജന്യ തൊഴിൽപരിശീലന പരിപാടിയിലെ വിദ്യാർത്ഥികളായ നായരമ്പലം നികത്തിത്തറവീട്ടിൽ ഷാബിന്റെ മകൻ വിഷാലിനും (19), ആലപ്പുഴ സ്വദേശിയായ 17 കാരനുമാണ് പരിക്കേറ്റത്.

കഴിഞ്ഞമാസം 29ന് രാത്രി 8ഓടെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സാരമായി പരിക്കേറ്റ വിഷാലിനെ അന്നുരാത്രിതന്നെ ബന്ധുക്കളെത്തി പൊലീസ് സാന്നിദ്ധ്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും അവിടെനിന്ന് കളമേശരി മെഡിക്കൽ കോളേജിലും ചികിത്സതേടിയ വിദ്യാർത്ഥി ഇപ്പോഴും തനിയെ എണീറ്റ് നടക്കാൻ പോലുമാകാതെ വീട്ടിൽ കഴിയുകയാണെന്ന് ബന്ധുക്കൾ പറയുന്നു. മറ്റ് വിദ്യാർത്ഥികൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതായി വീട്ടിൽ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് രാത്രിതന്നെ പൊലീസിനേയും കൂട്ടി ഹോസ്റ്റലിൽ എത്തിയതെന്ന് നിഷാലിന്റെ മാതാവ് പറഞ്ഞു.

പിറ്റേന്ന് വൈകിട്ട് വിശാലിന്റെ പരാതിയിലും രാത്രി 17കാരന്റെ പരാതിയിലും മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. ഹോസ്റ്റൽ മുറിയിൽ ഒരു വിദ്യാർത്ഥി ആക്രോശിച്ചുകൊണ്ട് വിദ്യാർത്ഥികളെ ആക്രമിക്കാൻ അടുക്കുന്നതിന്റെ വീഡിയോക്ലിപ്പിംഗും രക്ഷിതാക്കൾ പൊലിസിന് കൈമാറിയിട്ടുണ്ട്.

അതേസമയം വിഷാൽ സ്ഥിരംപ്രശ്നക്കാരനാണെന്നും ഇയാളെ ഫെബ്രുവരി 29ന് പരിശീലന പരിപാടിയിൽനിന്ന് പിരിച്ചുവിട്ടെന്നും കോഴ്സ് കോ-കോർഡിനേറ്റർ ഷിഹാബുദ്ദീൻ പറഞ്ഞു. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ഡി.ഡി.യു- ജി.കെ.വൈ കോഴ്സ് നടത്തുന്നതിനുള്ള കെട്ടിടവും ഹോസ്റ്റൽമുറികളും തങ്ങൾ വാടകയ്ക്ക് നൽകിയിരിക്കുന്നതാണെന്നും സ്വകാര്യ കോളേജ് അധികൃതരും വ്യക്തമാക്കി.