തുടർച്ചയായി​ പമ്പിംഗ് നടത്താൻ തീരുമാനം

തൃപ്പൂണിത്തുറ: എല്ലാ ദിവസവും ഉദയംപേരൂരിലേക്കും ആമ്പല്ലൂരിലേക്കും തുടർച്ചയായി പമ്പിംഗ് നടത്താൻ തീരുമാനിച്ചു.

കക്കാട് കുടിവെള്ള പദ്ധതിയിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ഉദയംപേരൂർ ആമ്പല്ലൂർ പഞ്ചായത്തുകളിൽ നല്കിയിരുന്ന കുടിവെള്ളം വ്യവസ്ഥ ലംഘിച്ച് ആമ്പല്ലൂർ പഞ്ചായത്തിലേക്ക് തിരിച്ചു വിട്ട സംഭവത്തെ തുടർന്ന് പ്രശ്നപരിഹാരത്തിനായി എം.എൽ.എമാരായ കെ. ബാബു, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത രണ്ടാം വട്ടം യോഗത്തി​ലാണ് തീരുമാനം.

ഇതോടെ ഉദയംപേരൂർ ആമ്പല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി​.

കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ഇരു പഞ്ചായത്തുകളിലേക്കും 48 മണിക്കൂർ തുടർച്ചയായി വെള്ളം പമ്പ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഉദയംപേരൂരിൽ 32 ദശ ലക്ഷം ലിറ്റർ വെള്ളവും 26 ദശ ലക്ഷം വെള്ളവും മാത്രമെ ലഭിച്ചിരുന്നുള്ളൂ. പഞ്ചായത്തിൻ്റെ വടക്ക് പ്രദേശങ്ങളിൽ കൃത്യമായി വെള്ളം ലഭിച്ചിരുന്നില്ല. ഉദയംപേരൂരിന് പ്രതിദിനം 35 ദശലക്ഷം ലിറ്റർ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് എല്ലാ ദിവസവും ഉദയംപേരൂരിലേക്കും ആമ്പല്ലൂരിലേക്കും തുടർച്ചയായി പമ്പിങ്ങ് നടത്താൻ തീരുമാനിച്ചു. പത്തു ദിവസത്തിനു ശേഷം അവലോകനം ചെയ്യാനും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും തീരുമാനിച്ചു.

വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ വി.കെ. പ്രദീപ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സുബ്രഹ്മണ്യൻ, ജലവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു