തൃപ്പൂണിത്തുറ: മെട്രോ, റെയിൽവേ സ്റ്റേഷനുകളോട് ചേർന്ന് നഗരസഭയുടെ നിർദ്ദിഷ്ട ബസ് സ്റ്റാൻഡിനായി സ്ഥലമെടുക്കുന്നതി​നായി​ 30 കോടി രൂപയുടെ വായ്പയ്ക്ക് സർക്കാർ അനുമതി തേടി​ പ്രമേയം അവതരി​പ്പി​ക്കാനുള്ള ചെയർപേഴ്സന്റെ ശ്രമം ​ ബഹളത്തി​ൽ കലാശി​ച്ചു.

മെട്രോ, റെയിൽവേ സ്റ്റേഷനുകളോട് ചേർന്ന് നഗരസഭയുടെ നിർദ്ദിഷ്ട ബസ് സ്റ്റാൻഡിനായി നഗരസഭ രണ്ട് ഏജൻസികളോട് ഒരേ സമയം ഡി.പി.ആറുകൾ തയ്യാറാക്കുവാൻ ആവശ്യപ്പെട്ടത് രാഷ്‌ട്രീയ താത്പര്യ പ്രകാരമാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു.

ഏത് ഏജൻസിയാണ് വിശദമായ ഡി.പി.ആർ തയ്യാറാക്കേണ്ടത് എന്ന് തീരുമാനം സർക്കാരിൽ നിന്നും ഇല്ലാത്തതിനാൽ അജണ്ട പാസാക്കുവാൻ സാധിക്കുകയില്ല എന്ന ബി.ജെ.പി പാർലമെൻ്ററി പാർട്ടി വിയോജനക്കുറിപ്പ് നൽകി. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗം തടസപ്പെടുത്തി.

പാർലമെൻ്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ, കൗൺസിലർമാരായ മധുസൂദനൻ, അഡ്വ. പി.എൽ. ബാബു, സാവിത്രി നരസിംഹം, രൂപ രാജു, സന്ധ്യാ വാസുദേവൻ തുടങ്ങിയവർ ഇടപെട്ട് സംസാരിച്ചു.

കഴിഞ്ഞ മാസം കൂടിയ യോഗത്തിൽ ജി.സി.ഡി.എ ചെയർമാനുമായി ചർച്ച നടത്തി ജി.സി.ഡി.യെ കൊണ്ട് ഡി.പി.ആർ തയ്യാറാക്കാൻ തീരുമാനിച്ചെന്നും അതിന് കൗൺസിൽ അംഗീകാരം തേടി അജണ്ട കൊണ്ടുവരുകയും ചെയ്തു. എന്നാൽ വിഷയം സപ്ലിമെൻററി അജണ്ടയായി കൊണ്ടുവന്നതിൽ ദുരുദ്ദേശം ആരോപിച്ചുകൊണ്ട് പ്രതിപക്ഷ കൗൺസിലർമാർ വാക്ക് ഔട്ട് നടത്തിയിരുന്നു.

ബസ് സ്റ്റാൻഡിനായി നഗരകാര്യ ഡയറക്ടർ നഗരസഭയോട് വിശദമായ ഡി.പി.ആർ തയ്യാറാക്കി അയക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. ഡി.പി.ആർ കെ.എം.ആർ.എൽ തയ്യാറാക്കുന്നതിനായുള്ള അനുമതി സർക്കാരിനോട് അഭ്യർത്ഥിച്ചെങ്കിലും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ചീഫ് സെക്രട്ടറി നി​ർദ്ദേശി​ച്ചി​രുന്നു.