
കൊച്ചി: അഞ്ചിൽ രണ്ടു വർഷം കൊവിഡ് മഹാമാരി വികസനത്തെ ബാധിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്ന് സിറ്റിംഗ് എം.പിമാർക്ക് ആശങ്ക. കൊവിഡ് കാല സേവന പ്രവർത്തനങ്ങൾ വിവരിച്ച് വിമർശനത്തെ ചെറുക്കാൻ ഒരുങ്ങുകയാണവർ.
മണ്ഡലങ്ങളിൽ സാധാരണയുണ്ടാകുന്ന വികസനം കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.പിമാർ പറയുന്നു. 19 മണ്ഡലങ്ങളിലെ യു.ഡി.എഫ് എം.പിമാർക്കെതിരെ പ്രചാരണത്തിന് ഇതായുധമാക്കാൻ എൽ.ഡി.എഫ് ശ്രമിക്കും. അതിനാൽ കൊവിഡ് കാലത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനങ്ങൾ വിശദീകരിക്കാനാണ് വീണ്ടും മത്സരിക്കുന്ന എം.പിമാരുടെ മുന്നൊരുക്കം.
കൊവിഡ് കാലത്ത് ജനങ്ങൾക്ക് വാക്സിനും ഭക്ഷണവും മരുന്നും ഉറപ്പാക്കാനാണ് ശ്രദ്ധിച്ചതെന്ന് എം.പിമാർ പറയുന്നു. പ്രതിരോധമരുന്ന് ലഭ്യമാക്കാൻ എല്ലാവരും പ്രയത്നിച്ചു. കൊവിഡ് ശമിച്ചു തുടങ്ങിയപ്പോൾ ആരോഗ്യകേന്ദ്രങ്ങളെ ശക്തമാക്കാൻ ശ്രദ്ധ നൽകി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ എന്നിവിടങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും മരുന്നുകൾ ഉറപ്പാക്കാനും ശ്രമിച്ചു. കൊവിഡ് ബാധിച്ചവർക്ക് ആവശ്യമായ തുടർചികിത്സകൾക്കും നടപടി സ്വീകരിച്ചു. സർക്കാർ ഫണ്ടിനുപുറമേ, സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകളും വിനിയോഗിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്.
പഠനം ഓൺലൈനിലേക്ക് മാറിയതോടെ അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കലായിരുന്നു മറ്റൊരു ദൗത്യം. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ ഉൾപ്പെടെ ലഭ്യമാക്കാൻ വലിയ പ്രയത്നം നടത്തേണ്ടിവന്നതും മറ്റു വികസനപദ്ധതികളെ ബാധിച്ചതായി എം.പിമാർ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ, ദേശീയപാതകളുടെ ഉൾപ്പെടെ റോഡ് വികസനം, റെയിൽവെ സ്റ്റേഷനുകളുടെ വികസനം തുടങ്ങിയവയിലും മറ്റു പദ്ധതികളിലും പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്ന് എം.പിമാർ പറയുന്നു.