
തോപ്പുംപടി: 169 കോടി രൂപ കേന്ദ്ര ഫണ്ട് ലഭിച്ചിട്ടും തോപ്പുംപടി ഫിഷറീസ് ഹാർബറിന്റെ നിർമാണ പ്രവർത്തനത്തിന് അനക്കമില്ല. ഒന്നാം ഘട്ട ജോലികൾ പോലും പൂർത്തിയാകാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ബോട്ടുകൾ സംസ്ഥാനത്തെ മറ്റ് ഹാർബറുകളിൽ അടുക്കുന്ന സ്ഥിതിയാണ്. ഇതോടെ കൊച്ചിയിൽ മീൻ ക്ഷാമവും രൂക്ഷമായി.
ഹാർബർ വികസന ജോലികൾ എന്ന് തീരുമെന്ന് ആർക്കും പറയാനാകാത്ത തരത്തിലാണ്. ഭൂമി നിരത്തി ലേല ഹാളിന്റെ ജോലികൾ നടക്കുന്നതിനിടെയാണ് ജോലികൾ സ്തംഭനാവസ്ഥയിലായത്. ബോട്ടുജെട്ടി, എ.സിയുടെ ജോലികൾ ഉൾപ്പടെ നിരവധിയാണ് ബാക്കി കിടക്കുന്നത്. ഹാർബറിൽ ബോട്ട് അടുക്കാത്തതോടെ അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോയി. മലയാളികൾ പലരും മറ്റു ജോലികളിലേക്കും ചേക്കേറി. ഇതോടെ കൊച്ചി ഹാർബർ ഓർമ്മയാകുമോ എന്ന ഭീതിയിലാണ് തൊഴിലാളികൾ. ഹാർബറുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവരും പട്ടിണിയുടെ വക്കിലെത്തിയിരിക്കുകയാണ്.
....................
എം.പി. ഇടപെട്ട് നവീകരണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണം.
ഹാർബർ ജീവനക്കാരൻ വിനോദ് കുമാർ, കൊച്ചി
...............................................................
കുങ്കുമപ്പൂവിൻ നന്മ വിതറിയ
മട്ടാഞ്ചേരി ബസാറും
ഒരു കാലത്ത് ചരക്ക് വണ്ടികളുടെ ഇരമ്പലുകൾക്ക് കാതോർത്തിരുന്ന മട്ടാഞ്ചേരി ബസാറും കൊച്ചി തുറമുഖവും ഓർമ്മയായി മാറി. വല്ലാർപാടത്തേക്ക് പറിച്ച് നട്ടതോടെ വ്യാപാര സ്ഥാപനങ്ങൾ പലതും തുറമുഖത്ത് നിന്ന് വഴി മാറി നിരവധി ബാങ്കുകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങൾ ഗോഡൗണുകളായി മാറി. ഈ ഭാഗത്ത് പ്രവർത്തിക്കുന്ന നിരവധി റെയിൽവേ ക്വാർട്ടേഴ്സുകൾ കാട് പിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. ഇത് നവീകരിച്ച് തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളുമില്ല. മട്ടാഞ്ചേരി ബസാറിൽ രണ്ടോമൂന്നോ സേഠുമാരുടെ കടകൾ ഒഴിച്ചാൽ ബാക്കി ശൂന്യമാണ്. ഒരു കാലത്ത് ഗർഭിണികൾ പാലിൽ ചേർത്ത് കഴിക്കുന്ന കുങ്കുമപൂവ് വാങ്ങിക്കാൻ ദൂരെ സ്ഥലങ്ങളിലുള്ളവർ വരെ ബസാറിൽ എത്താറുണ്ടായിരുന്നുവത്രെ. ഇപ്പോഴും ബസാറിലൂടെ സഞ്ചരിച്ചാൽ ചുക്കിൻ്റെയും കുരുമുളകിൻ്റെയും ഏലക്കയുടെയും ഗന്ധം ആസ്വദിക്കാൻ കഴിയും
.................................................
ചൂളംവിളിയുടെ പ്രതീക്ഷ ഉയരുമോ ഹാർബർ ടെർമിനസിൽ നിന്നും .......
ഒരുകാലത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ നടത്തിയിരുന്ന കൊച്ചിൻ ഹാർബർ ടെർമിനൽസ് ഇന്നും കൊച്ചിക്കാർക്ക് ജീവനുള്ള ഓർമ്മയാണ്. വല്ലപ്പോഴും വന്ന് പോകുന്ന ചരക്ക് തീവണ്ടികൾ മാത്രമാണ് ഇവിടെ എത്തുന്നത്. എറണാകുളം സൗത്തിൽ നിന്നും ഒന്ന് രണ്ട് ട്രെയിനുകൾ തുറമുഖത്തേക്ക് സർവീസ് നടത്തി യെങ്കിലും നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി അതും നിർത്തലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളൂ.