av-sunil

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ എ.വി. സുനിലിനെ തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ സുനിലിന് 10 വോട്ടും യു.ഡി.എഫിലെ ബിജി സുരേഷിന് ഒൻപത് വോട്ടും ലഭിച്ചു.
പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ വരണാധികാരിയായി. തിരഞ്ഞെടുപ്പിനുശേഷം എ.വി. സുനിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ സുനിൽ ചെറിയ വാപ്പാലശേരി വാർഡ് എട്ടിൽ നിന്നാണ് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

കോൺഗ്രസിലെ പോര് ഭരണം നഷ്ടപ്പെടുത്തി

കോൺഗ്രസിലെ പോരാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുത്തിയത്. 19 അംഗ ഭരണസമിതിയിൽ ഇടതിനും വലതിനും ഒമ്പത് വീതം അംഗങ്ങളായിരുന്നു. കോൺഗ്രസ് റിബലിന് പ്രസിഡന്റ് സ്ഥാനം നൽകിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഐ ഗ്രൂപ്പിലെ സന്ധ്യ നായാരണപിള്ളയായിരുന്നു വൈസ് പ്രസിഡന്റ്.

മൂന്ന് വർഷത്തിനുശേഷം ബിജി സുരേഷിനായി സന്ധ്യ നാരായണപിള്ള വൈസ് പ്രസിഡന്റ്

സ്ഥാനം ഒഴിയണമെന്ന മുൻ ധാരണ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യു.ഡി.എഫിനെ പ്രശ്നത്തിലാക്കിയത്. തർക്കം സന്ധ്യ നാരായണപിള്ളയുടെ പഞ്ചായത്ത് അംഗത്വ രാജിയിൽ കലാശിച്ചു.

ഇതോടെ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. 14ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.എസ്. അർച്ചന വിജയിച്ചതോടെ എൽ.ഡി.എഫ് ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്തു. ഭൂരിപക്ഷം നഷ്ടപ്പെട്ട പി.വി കുഞ്ഞ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. സന്ധ്യ നാരായണപിള്ള രാജിവെച്ചതിന് പിന്നാലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ശോഭ ഭരതൻ നറുക്കെടുപ്പിലൂടെ വിജയിക്കുകയും ചെയ്തിരുന്നു.