1
ജല അതോറിറ്റി ഓഫീസിൽ നടന്ന പ്രതിഷേധ സമരം

പള്ളുരുത്തി: ഒരു മാസമായി തുടരുന്ന പെരുമ്പടപ്പ് പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കരുവേലിപ്പടിയിലെ ജല അതോറിട്ടി​ അസി.എക്സിക്യുട്ടീവ് എൻജി​നി​യറെ ഉപരോധിച്ചു.

ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പല തവണ നേരിൽക്കണ്ട് പരാതി നൽകിയിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. വി എൻ പുരുഷൻ റോഡ്, എം എ മാത്യു റോഡ് ശ്രീനാരായണ റോഡ്, കുപ്പക്കാട്ട് പ്രദേശം, മൂന്തും പുളിപ്രദേശം എന്നിവിടങ്ങളിലെല്ലാം പൈപ്പിലൂടെ വെള്ളം ലഭിച്ചിട്ട് നാളുകളായി.

കൊച്ചി നഗരസഭയുടെ ടാങ്കറുകളിൽ നടത്തുന്ന കുടിവെള്ള വിതരണം പരാജയമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. പ്രതിഷേധം തുടരുന്നതിനിടെ എക്സിക്യുട്ടീവ് എൻജി​നി​യർ കുടിവെള്ള വിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. നൂറു കണക്കിന് നാട്ടുകാർ ഒപ്പിട്ടു നൽകിയ നിവേദനവും ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരാഴ്ചക്കുള്ളിൽ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കു മെന്ന് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധ സമരം ജനറൽ സെക്രട്ടറി കെ. കെ. റോഷൻ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.പ്രകാശൻ , കെ.എസ്.സുധീഷ് , വി.ബി.ഷിബു, കെ.എസ്. നിജിൽ എന്നിവർ നേതൃത്വം നൽകി.