കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഏറ്റവുമധികം വികസനം കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് മണ്ഡലത്തിലുള്ളത്. ഈ പദ്ധതികളെക്കുറിച്ച് 14 നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള ഒരു വിലയിരുത്തൽ നടത്തുന്ന പരമ്പരയ്ക്ക് തുടക്കമിടുന്നു. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ എറണാകുളം മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കുറിച്ച്....
മെട്രോ, വാട്ടർ മെട്രോ, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം, വാട്ടർ മെട്രോ വ്യാപിപ്പിക്കൽ, എൻ.എച്ച്-66, എലവേറ്റഡ് ഹൈവേ, എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത്- നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, രാജീവ് ഗാന്ധി തുറമുഖം എന്നിവയാണ് എറണാകുളത്തെ വികസന പട്ടികയിൽ മുന്നിലുള്ളത്.
ഇതിൽ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭിച്ചു കഴിഞ്ഞു. റോഡ് വീതികൂട്ടൽ ഉൾപ്പെടെയുള്ളവ അതിവേഗത്തിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 2025 പകുതിയോടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കി വർഷവസാനത്തോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ട് കൃത്യമായി ലഭ്യമാക്കലിന് ഉൾപ്പെടെ എം.പിയുടെ ഇടപെടൽ അനിവാര്യമായി വരും.
റെയിൽവേ സ്‌റ്റേഷൻ വികസനം
കാലങ്ങളായി മുടങ്ങിക്കിടന്ന എറണാകുളം നോർത്ത്- സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം യാഥാർത്ഥ്യമാകുകയാണ്. 670കോടിയോളം രൂപയാണ് രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തതിനായി മുടക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എറണാകുളം തോപ്പുംപടി ഫിഷിംഗ് ഹാർബർ വികസനവും യാഥാർത്ഥ്യകേണ്ടതുണ്ട്. അങ്കമാലി- കുണ്ടന്നൂർ സമാന്തര ബൈപ്പാസും കൊച്ചി - തേനി ബൈപ്പാസുമെല്ലാം യാഥാർത്ഥ്യത്തിലേക്കാണെന്ന് എം.പി അവകാശപ്പെടുമ്പോഴും പദ്ധതി നടപ്പാകേണ്ടതുണ്ട്.
കൊച്ചിൻ ഫിഷിംഗ് ഹാർബർ
കൊച്ചിൻ ഫിഷിംഗ് ഹാർബറിന്റെ നവീകരണവും ആധുനികവൽക്കരണവും അതിവേഗം പൂർത്തിയാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ അതിന് ഇനിയും കടമ്പകൾ ഏറെയാണ്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ ഉപകാരപ്രദമാകുന്ന പദ്ധതി പൂർത്തിയായാൽ കൂടുതൽ തൊഴിലവസരങ്ങളും തുറക്കപ്പെടും.
ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (എഫ്.ഐ.ഡി.എഫ്), സാഗർമാല പദ്ധതി, പ്രധാൻമന്ത്രി മത്സ്യ സമ്പദ് യോജന എന്നിവയ്ക്ക് കീഴിൽ ആധുനിക ഫിഷിംഗ് ഹാർബറുകളുടെയും ഫിഷ് ലാൻഡിംഗ് സെന്ററുകളുടെയും വികസനത്തിനുള്ള 7,500 കോടി രൂപയുടെ പദ്ധതികളിലാണ് ഇതും വരുന്നത്. ഫണ്ട് ലഭ്യമാക്കലാണ് വെല്ലുവിളി.
അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ്
കേന്ദ്രാനുമതി ലഭിച്ച് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടന്ന അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കേണ്ടതുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. ദേശീയ പാത 544-ന് തുടർച്ചയെന്ന രീതിയിൽ ആരംഭിക്കുന്ന ബൈപാസ് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെയായിരിക്കും കടന്നു പോകുന്നത്. ബൈപ്പാസിന്റെ പ്രാഥമിക അലൈൻമെന്റ് പൂർത്തിയായിരുന്നു. 50 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന ദൂരം.
കമ്മട്ടിപ്പാടത്ത് ട്രെയിൻ ഹാൾട്ട്
കമ്മട്ടിപ്പാടത്ത് 110 ഏക്കർ സ്ഥലം റെയിൽവേയുടേതായി കിടപ്പുണ്ട്. ഈ സ്ഥലം കാര്യക്ഷമമായി വിനിയോഗിക്കണമെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. പാർലമെന്റിൽ അവതരിപ്പിച്ച് ഇതിന് കൃത്യമായ പദ്ധതിയൊരുക്കിയാൽ കൂടുതൽ ട്രെയിനുകൾ ഹാൾട്ട് ചെയ്യതുന്നതിനുൾപ്പെട സൗകര്യമൊരുങ്ങും. ഇത്തരം പദ്ധതികൾ ആലോചനകളിൽ കുരുങ്ങിപ്പോകാതെ സമയബന്ധിതമായി നടപ്പാക്കാൻ അടുത്ത എം.പി ആരായാലും മുൻകൈയെടുക്കണം.
പി. രംഗദാസ പ്രഭു
ജില്ലാ പ്രസിഡന്റ്
എറണാകുളം ഡിസ്ട്രിക്ട് റെസിഡൻസ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ (എഡ്രാക്)
മെട്രോ ദീർഘിപ്പിച്ചാൽ ആ സ്ഥലങ്ങൾ കൂടി വികസന പാതയിലേക്ക് വരും. രണ്ടാം ഘട്ടത്തിൽ ഒതുങ്ങാതെ ദീർഘിപ്പിക്കൽ സംബന്ധിച്ചുള്ള കൂടുതൽ ആലോചനകൾക്ക് ഇനി വരുന്ന എം.പി മുൻകൈയെടുക്കണം.
നിലവിൽ വാട്ടർമെട്രോ ദൈനംദിന യാത്രക്കാർ, ടൂറിസ്റ്റുകൾ എന്നതിൽ ഒതുങ്ങിയാണ് പ്രവർത്തനം. ഇത് സാമൂഹിക-സാമ്പത്തിക വികസന കാഴ്ചപ്പാടോടെ കുറച്ചുകൂടി വ്യാപകമാക്കണം. ഉദാഹരണത്തിന് ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളെ കൂടി കോർത്തിണക്കണം. പുരുഷ- സ്ത്രീ സഹായ സംഘങ്ങളെ കൂടി പരിഗണിക്കണം. ടൂറിസത്തെ കൂടുതൽ പരിഗണിച്ച് ഇത്തരം മേഖലകളെക്കൂടി പരിഗണിച്ചാൽ ആ മേഖലകൾ കൂടി സാമ്പത്തികമായ മുന്നേറ്റങ്ങൾ ഉണ്ടാകും.
സന്തോഷ് ജേക്കബ്
സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റ്