
മെഡിക്കൽ, ഡെന്റൽ, അനുബന്ധ ഹെൽത്ത് കെയർ, വെറ്ററിനറി സയൻസ്, കാർഷിക, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്കു ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് NEET UG. ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷ NEET- 2024 മേയ് 5-ന് നടക്കും.
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ വിദ്യാർത്ഥികൾ താഴെക്കൊടുക്കുന്ന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.
1. ഒരു പഠന ടൈംടേബിൾ തയ്യാറാക്കാൻ ശ്രമിക്കുക. റിവിഷന് ഇത് ഉപയോഗപ്രദമാകും. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയ്ക്ക് ഒരാഴ്ച വീതം മാറ്റിവയ്ക്കാം. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവുകൾ നേടാൻ ശ്രമിക്കണം. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ്, അവസാന റിവിഷന് കൂടുതൽ സമയം നീക്കിവയ്ക്കുക.
2. 2024- ലെ പരിഷ്‌കരിച്ച നീറ്റ് സിലബസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക. ഈ വർഷം പാഠ്യഭാഗങ്ങൾ 97ൽ നിന്ന് 79 ആയി കുറച്ചിട്ടുണ്ട്. പാഠപുസ്തകത്തിലോ/ കോച്ചിംഗ് ഗൈഡുകളിലോ ബന്ധപ്പെട്ട ഭാഗങ്ങൾ അടയാളപ്പെടുത്താൻ ശ്രമിക്കുക.
3. ഫിസിക്‌സിൽ നിന്നും കെമിസ്ട്രിയിൽ നിന്നുമുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും, വായിച്ചു പഠിക്കുന്നതിനു പകരം എഴുതി ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. സങ്കീർണമായ ജീവശാസ്ത്ര ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിക്കുക.
4. കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് ചോദ്യങ്ങൾ ശേഖരിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക.
5. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.
6. മാർക്ക് വിന്യാസവും തിരഞ്ഞെടുപ്പുകളും പ്രത്യേകം മനസിലാക്കുക. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്നായി 50 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഷയത്തിനും രണ്ട് വിഭാഗങ്ങളുണ്ട്; എ & ബി. എ വിഭാഗത്തിൽ 35 ചോദ്യങ്ങളും ബി വിഭാഗത്തിൽ 15 ചോദ്യങ്ങളും വീതമുണ്ടായിരിക്കും. എ വിഭാഗത്തിൽ നിന്ന്, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്. എന്നാൽ ബി വിഭാഗത്തിൽ 15ൽ 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ചോയിസുകളുള്ളതിനാൽ വിദ്യാർത്ഥികൾക്ക് ബി വിഭാഗങ്ങൾ പ്രയോജനപ്പെടുത്താം. 20 ചോദ്യങ്ങൾ ചോയിസായി ലഭിക്കുന്നത് കൂടുതൽ മാർക്ക് നേടുന്നതിനുള്ള അവസരമായി കരുതാം.
7. വിദ്യാർത്ഥികൾക്ക് അവരുടെ അറിവില്ലായ്മയോ അശ്രദ്ധയോ കാരണം പരീക്ഷാസമയത്ത് തെറ്റുകൾ സംഭവിക്കാറുണ്ട്. പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ 'തെറ്റ് പുസ്തകം" സൂക്ഷിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. പൊതുവായ എല്ലാ തെറ്റുകളും തിരുത്തി തെറ്റ് പുസ്തകത്തിൽ രേഖപ്പെടുത്തുക. റിവിഷൻ ചെയ്യുമ്പോൾ 'റെഡി റെക്കണറായി" ഇത് ഉപയോഗിക്കാം.
8. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഷെഡ്യൂൾ പ്രകാരം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം വിലയിരുത്താൻ ശ്രമിക്കുക. എല്ലായ്‌പ്പോഴും ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്താൻ ശ്രമിക്കുക. ഡ്രസ് കോഡ് ഉൾപ്പെടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
9. ചില പാഠഭാഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇനി അവ ഒഴിവാക്കി ബാക്കി ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
10. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, എല്ലായ്‌പ്പോഴും വ്യക്തമായ ലക്ഷ്യങ്ങൾ വയ്ക്കുക. അതിന്റെ അടിസ്ഥാനത്തിൽ ഒരു പഠന ടൈംടേബിളും റിവിഷൻ തന്ത്രങ്ങളും രൂപപ്പെടുത്തി തയ്യാറെടുക്കണം.
11. വലിയ പോർഷനുകൾ ചെറിയ ഭാഗങ്ങളാക്കി വിഭജിച്ച് പഠിക്കാൻ ശ്രമിക്കുക.
12. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരിക്കലും സുഹൃത്തുക്കളുമായി വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കരുത്. എപ്പോഴും പോസിറ്റീവ് മനോഭാവം പിന്തുടരാനും ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രമിക്കുക.
(നാളെ: പഠനകാലത്തെ ശാരീരിക-മാനസികാരോഗ്യ പരിപാലനം)